കോവിഡ് ബാധയെത്തുടര്‍ന്ന് മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കും ! മാതൃകാപരമായ പ്രഖ്യാപനവുമായി അരവിന്ദ് കെജ്രിവാള്‍…

കോവിഡ് ബാധിച്ച മാതാപിതാക്കള്‍ മരണപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.

സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ വിശദീകരിക്കുന്നതിനായി ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

രോഗ ബാധയെ തുടര്‍ന്ന് ഏറെ പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തിലൂടെയാണ് എല്ലാവരും കടന്നുപോകുന്നത്. പല കുടുംബങ്ങളിലും ഒന്നിലധികം പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

നിരവധി പേര്‍ക്ക് മാതാപിതാക്കളെ നഷ്ടമായി. അവരുടെ വേദന മനസ്സിലാക്കുന്നു. അവര്‍ക്ക് തുടര്‍ പഠനത്തിനും മറ്റുമുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തുടര്‍ച്ചയായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,500 കോവിഡ് കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഏപ്രില്‍ 10 ന് ശേഷം ഇതാദ്യമായാണ് ഡല്‍ഹിയില്‍ പ്രതിദിന കോവിഡ് കണക്ക് 10,000 താഴെ റിപ്പോര്‍ട്ട് ചെയ്യുന്നത്. 35 ശതമാനത്തിലായിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12 ശതമാനത്തിലെത്തിയിട്ടുണ്ട്.

കോവിഡിന്റെ രണ്ടാം തരംഗത്തെ അതിജീവിച്ചു വരികയാണെന്നും എന്നാല്‍ യുദ്ധം തുടരുകയാണെന്നും കെജരിവാള്‍ വ്യക്തമാക്കി. എല്ലാവരും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Related posts

Leave a Comment