തങ്ങളുടെ അധികാരപരിധിയില്‍ വരുന്ന സ്ഥാപനങ്ങളില്‍ മിന്നല്‍ സന്ദര്‍ശനം നടത്തുക എന്നത് മന്ത്രിമാര്‍ ഇടയ്ക്കിടെ നടത്തുന്ന പരിപാടിയാണ്. അടുത്തിടെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തുന്നതിനിടെ കംപ്യൂട്ടറില്‍ ഗെയിം കളിച്ചുകൊണ്ടിരുന്ന ജീവനക്കാരനെ കേന്ദ്രമന്ത്രി ശാസിക്കുന്നതിന്റെ വീഡിയോ വൈറലായിരുന്നു. അന്ന് പക്ഷേ ആളുകള്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയാണ് ചെയ്തത്. ഉത്തരാഖണ്ഡിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാഭ്യാസമന്ത്രി അരവിന്ദ് പാണ്ഡെ നടത്തിയ മിന്നല്‍ സന്ദര്‍ശനവും അതേതുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. സ്‌കൂള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനു പകരം അധ്യാപികയെ കണക്ക് പഠിപ്പിക്കാാന്‍ മന്ത്രി നടത്തിയ ശ്രമമാണ് വിവാദമായത്. ചോദിച്ച ചോദ്യങ്ങള്‍ക്ക് ടീച്ചര്‍ നല്‍കിയ ഉത്തരം തെറ്റാണെന്ന് വാദിച്ച് മന്ത്രി ടീച്ചറെ ശകാരിക്കുകയും ചെയ്തു.
സംഭവിച്ചതിങ്ങനെയാണ്..ക്ലാസ്സിലെത്തിയ മന്ത്രി നെഗറ്റീവും നെഗറ്റീവും തമ്മില്‍ കൂട്ടിയാല്‍ കിട്ടുന്ന ഉത്തരം എന്തായിരിക്കുമെന്ന് ടീച്ചറോട് ചോദിച്ചു. നെഗറ്റീവ് ആയിരിക്കുമെന്നായിരുന്നു മറുപടി. എന്നാല്‍ നെഗറ്റീവും നെഗറ്റീവും കൂട്ടിയാല്‍ പോസിറ്റീവാണെന്നായിരുന്നു മന്ത്രിയുടെ വാദം. ഉദാഹരണമായി മൈനസ് ഒന്നും മൈനസ് ഒന്നും കൂട്ടിയാല്‍ എന്തായിരിക്കും ഉത്തരമെന്ന് ക്ലാസ് അധ്യാപികയോട് ചോദിച്ചു. മൈനസ് 2 എന്ന് അവര്‍ ഉത്തരം പറഞ്ഞെങ്കിലും പൂജ്യം ആണെന്നായിരുന്നു മന്ത്രിയുടെ വാദം. ഉത്തരം സമര്‍ഥിക്കാന്‍ അധ്യാപിക ശ്രമിച്ചെങ്കിലും മന്ത്രി സ്വന്തം വാദത്തില്‍ ഉറച്ച് നില്‍ക്കുകയും പിന്നീട് അധ്യാപികയെ ശകാരിക്കുകയുമായിരുന്നു.
വിദ്യാര്‍ഥികളുടെ മുന്നില്‍ അധ്യാപികയെ അപമാനിക്കുന്ന മന്ത്രിയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. സര്‍ക്കാര്‍ വിതരണം ചെയ്യുന്ന പുസ്തകങ്ങള്‍ ഉപയോഗിക്കാതെ ഗൈഡ് നോക്കി പഠിപ്പിക്കുന്നതിന്റെ പേരിലും അധ്യാപികയെ മന്ത്രി ശകാരിക്കുന്നത് വീഡിയോയില്‍ കാണാം. അധ്യാപികയെ അപമാനിക്കുന്ന മന്ത്രിയുടെ വീഡിയോ പുറത്തുവന്നതോടെ മന്ത്രിക്കെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്. അരവിന്ദ് പാണ്ഡെ മാപ്പ് പറയണമെന്നാണ് അധ്യാപകര്‍ ഉള്‍പ്പെടുന്ന പ്രതിഷേധ സംഘത്തിന്റെ ആവശ്യം. അതേസമയം തന്റെ സന്ദര്‍ശനത്തിന് നല്ല ഉദ്ദേശം മാത്രമേ ഉള്ളൂവെന്നും സ്‌കൂളുകളിലെ ഇപ്പോഴത്തെ പ്രവര്‍ത്തന ശൈലിയില്‍ തനിക്ക് അതൃപ്തി ഉണ്ടെന്നും വിവാദങ്ങള്‍ക്ക് മറുപടിയായി മന്ത്രി ഫേസ്ബുക്കില്‍ പറഞ്ഞു.