ന്യൂഡൽഹി: കറൻസി റദ്ദാക്കൽ നിർദയവും ഭീമാകാരവുമായ ആഘാതമായിരുന്നെന്നു മോദി സർക്കാരിന്റെ മുഖ്യ സാന്പത്തിക ഉപദേഷ്ടാവായിരുന്ന ഡോ. അരവിന്ദ് സുബ്രഹ്മണ്യൻ. സാന്പത്തികവളർച്ചയെ അതു വലിച്ചുതാഴ്ത്തി. ചെറുകിടക്കാർ അടങ്ങുന്ന അനൗപചാരിക മേഖലയെ ഈ നടപടി തകർത്തതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ജൂണിൽ സുബ്രഹ്മണ്യൻ പദവിയിൽനിന്നു വിരമിച്ച് അമേരിക്കയിലേക്കു പോയിരുന്നു. കറൻസി റദ്ദാക്കലിനെ അദ്ദേഹം അനുകൂലിക്കുന്നില്ലെന്ന് ആ ദിവസങ്ങളിൽത്തന്നെ റിപ്പോർട്ടുണ്ടായിരുന്നു. റദ്ദാക്കൽ നന്നായെന്ന് ഒരിക്കലും അദ്ദേഹം എഴുതുകയോ പറയുകയോ ചെയ്തിട്ടില്ല. പദവിയിൽ കാലാവധി നീട്ടിക്കിട്ടാത്തതിന്റെ കാരണവും അതാണ്.
“ഓഫ് കൗൺസൽ: ദ ചലഞ്ച്സ് ഓഫ് ദ മോദി – ജയ്റ്റ്ലി ഇക്കോണമി’’ എന്ന തന്റെ പുസ്തകത്തിലാണ് സുബ്രഹ്മണ്യൻ നിലപാട് വ്യക്തമാക്കിയത്. കേന്ദ്രസർക്കാരിൽ പ്രവർത്തിച്ച കാലത്തെ ആധാരമാക്കിയുള്ള പുസ്തകം ഉടനെ പുറത്തിറങ്ങും.
രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്നതിൽ 86 ശതമാനം തുകയ്ക്കുള്ള കറൻസിയാണ് 2016 നവംബർ എട്ടിനു പിൻവലിച്ചത്. 500 രൂപ, 1000 രൂപ നോട്ടുകൾ ഒറ്റയടിക്കു പിൻവലിച്ചു. ഇതോടെ ജിഡിപി വളർച്ച പിന്നോട്ടടിച്ചു.
അതിനു മുന്പുള്ള ആറു ത്രൈമാസങ്ങളിൽ ശരാശരി എട്ടുശതമാനമായിരുന്നു ജിഡിപി വളർച്ച. പിന്നീടുള്ള ആറു ത്രൈമാസങ്ങളിൽ അത് 6.8 ശതമാനമായി താണു.
ജിഎസ്ടി നടപ്പാക്കലും സാന്പത്തികവളർച്ചയെ ബാധിച്ചെന്ന് സുബ്രഹ്മണ്യൻ എഴുതി.
സാധാരണ സാഹചര്യങ്ങളിൽ ഒരു രാജ്യവും ചെയ്തിട്ടില്ലാത്ത അത്യപൂർവ നടപടിയാണ് കറൻസി റദ്ദാക്കൽ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദരിദ്രജനങ്ങളാണ് ഇതിന്റെ വലിയ ദുരിതം ഏറ്റുവാങ്ങിയത്. അവർ അതു ക്ഷമയോടെ സഹിച്ചിരിക്കാം. കള്ളപ്പണക്കാരായ സന്പന്നർക്കു കൂടുതൽ നഷ്ടമുണ്ടായെന്ന തോന്നലിലാകും അവർ സഹിച്ചത് എന്നു സുബ്രഹ്മണ്യൻ കരുതുന്നു.
ബാങ്കുകളുടെ കിട്ടാക്കട പ്രശ്നത്തിലും നീരവ് മോദി വർഷങ്ങളോളം നടത്തിയ തട്ടിപ്പിലും റിസർവ് ബാങ്ക് ഉത്തരം പറയേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജോർജ് കള്ളിവയലിൽ