ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് പറയുന്ന ഭർത്താക്കന്മാർക്ക് അത്താഴം കൊടുക്കരുതെന്ന് സ്ത്രീകളോട് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. ഡൽഹി ടൗൺ ഹാളിൽ സംഘടിപ്പിച്ച ‘മഹിളാ സമ്മാൻ സമരോഹ്’ പരിപാടിയിലാണ് കേജ്രിവാളിന്റെ ആഹ്വാനം. നിരവധി പുരുഷന്മാർ ഇന്ന് മോദിയുടെ പേര് ഉച്ചരിക്കുന്നുണ്ട്. ഭാര്യമാരായ നിങ്ങൾ വേണം അത് ശരിയാക്കാൻ. ഭർത്താക്കന്മാർ മോദിയുടെ നാമം ഉരുവിട്ടാൽ അത്താഴം നൽകില്ലെന്ന് നിങ്ങൾ പറയണമെന്ന് കേജ്രിവാൾ പറഞ്ഞു.
കൂടാതെ തന്നെയും ആം ആദ്മി പാർട്ടിയെയും പിന്തുണയ്ക്കുമെന്ന് കുടുംബാംഗങ്ങളോട് സത്യം ചെയ്യാൻ സ്ത്രീകൾ ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. “നിങ്ങളുടെ സഹോദരൻ കേജ്രിവാൾ മാത്രമേ നിങ്ങളോടൊപ്പം നിൽക്കൂ” എന്ന് ബിജെപിയെ പിന്തുണയ്ക്കുന്ന മറ്റ് സ്ത്രീകളോട് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“സൗജന്യ വൈദ്യുതി, ബസ് യാത്ര എന്നിവ നിങ്ങൾക്ക് ഒരുക്കിയത് ഞാനാണ്. പ്രതിമാസം 1000 രൂപ വീതം എല്ലാ സ്ത്രീകൾക്കും നൽകുന്നതിനു തീരുമാനിക്കുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം നിങ്ങൾ അവരോട് പറയണം. ബിജെപി അവർക്കു വേണ്ടി എന്ത് ചെയ്തു? പിന്നെ എന്തിനാണ് ബിജെപിക്ക് വോട്ട് ചെയ്യുന്നത്? ഇത്തവണ എനിക്ക് വോട്ട് നൽകാൻ പറയൂ”എന്നും കേജ്രിവാൾ കൂട്ടിച്ചേർത്തു.