തൊടുപുഴ: വിനോദസഞ്ചാര കേന്ദ്രമായ ചെപ്പുകുളം ഇരുകല്ലിൻമുടിയിൽനിന്നു ചാടിയ കമിതാക്കൾ മരിച്ചു. തട്ടക്കുഴ കൂറുമുള്ളാനിയിൽ അരവിന്ദ്(18), മുളപ്പുറം കൂനംമാനയിൽ മെറിൻ(18) എന്നിവരെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
അരവിന്ദ് തൊടുപുഴയിലെ സ്വകാര്യ കോളജിൽ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയും മെറിൻ ആന്ധ്രയിൽ നഴ്സിംഗ് വിദ്യാർഥിനിയുമാണ്.
ഇരുവരും തട്ടക്കുഴ ഗവ.വിഎച്ച്എസ്സിയിൽ സ്കൂളിൽ ഒരുമിച്ചു പഠിച്ചവരാണ്. ഒരാഴ്ച മുന്പാണ് മെറിൻ വീട്ടിലെത്തിയത്. ബുധനാഴ്ച രാത്രി 11 മുതൽ മെറിനെ കാണാതായതായി കാണിച്ചു വീട്ടുകാർ ഇന്നലെ രാവിലെ കരിമണ്ണൂർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതു സംബന്ധിച്ച് അന്വേഷണം നടത്തിവരികയായിരുന്നു.
അരവിന്ദിന്റെ ബൈക്ക് ഇരുകല്ലിൻമുടിയുടെ സമീപം പാർക്ക് ചെയ്തിരിക്കുന്നതു ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ മലയുടെ താഴ്ഭാഗത്തു കണ്ടെത്തിയത്.
300 അടി താഴ്ചയിലേക്കാണ് ഇരുവരും വീണത്. ചുരിദാർ ഷാൾ ഉപയോഗിച്ചു രണ്ടു പേരുടെയും ശരീരങ്ങൾ തമ്മിൽ കൂട്ടിക്കെട്ടിയ നിലയിലാണ് മൃതദേഹങ്ങൾ കിടന്നിരുന്നത്.
ഇന്നലെ പുലർച്ചെയാണു സംഭവം നടന്നതെന്നാണു പോലീസിന്റെ നിഗമനം. കരിമണ്ണൂർ പോലീസും തൊടുപുഴയിൽനിന്നുള്ള ഫയർഫോഴ്സ് സംഘവും ചേർന്നു മൃതദേഹങ്ങൾ പുറത്തെടുത്തു.
ഇൻക്വസ്റ്റ് തയാറാക്കിയ ശേഷം മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നു മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുക്കും.