ശാസ്താംകോട്ട: കുന്നത്തൂർ പഞ്ചായത്തിലെ ഭൂതക്കുഴിയിൽ നിന്നും തുരുത്തിക്കരയിലേക്ക് പോകുന്ന കനാലിൽ അറവ് മാലിന്യവും, കോഴിഫാമിൽ നിന്നുള്ള മാലിന്യങ്ങളും തള്ളുന്നത് മൂലം നാട്ടുകാർ ദുരിതത്തിൽ.ഈഴീരേത്ത് മുക്ക് മുതൽ ചവുരിക്കലഴികത്ത് ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിൽ രാത്രിയുടെ മറവിൽചാക്ക് കണക്കിന് കോഴിവേസ്റ്റാണ് തള്ളുന്നത്.
ഇത് പരുന്ത്, കാക്ക, തെരിവ് നായ്ക്കൾ ഉൾപ്പെടെയുള്ള പക്ഷിമൃഗാധികൾ കൊത്തിവലിച്ച് , കിണറ്റിലും,വീടിന് ചുറ്റും കൊണ്ടിടുന്നത് മൂലം ജനങ്ങൾ ബുദ്ധിമുട്ടിലാണ്.ദുർഗന്ധവും, തെരിവ് നായ്ക്കളുടെ ശല്യവും കാരണം മുതിർന്നവർക്കും, കുട്ടികൾക്കും വീടിന് പുറത്തേക്ക് ഇറങ്ങുവാൻ പോലും കഴിയുന്നില്ല.
നിരവധി പരാതികൾ കെ.ഐ.പി.അധികൃതർക്ക് നൽകിയിട്ടുണ്ടെങ്കിലും കനാൽ ജലം വൃത്തികേടാക്കുന്നവരെ കണ്ടെത്തുവാൻ ഇവർ ശ്രമിക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.തുരുത്തിക്കരയിലും സമീപ പ്രദേശത്തുള്ളതുമായ കോഴിക്കടകളിലെ വേസ്റ്റാണ് ഇത്തരത്തിൽ നിക്ഷേപിക്കുന്നതെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. അധികാരികൾ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.