തൊടുപുഴ: നഗരസഭയിൽ ആധുനിക അറവുശാല സ്ഥാപിക്കാനുള്ള നഗരസഭയുടെ തീരുമാനം വർഷങ്ങൾ പിന്നിടുന്പോഴും അനന്തമായി നീളുന്നു. മാർക്കറ്റിനോടനുബന്ധിച്ച് നിർമിച്ച അറവുശാലയ്ക്ക് ആരോഗ്യവകുപ്പ് പൂട്ടിട്ടതോടെ നഗരസഭ പരിധിയിൽ അനധികൃത അറവുശാലകളിലാണ് ഉരുക്കളെ കശാപ്പ് ചെയ്യുന്നത്.
നിലവിലുണ്ടായിരുന്ന അറവുശാല അനാരോഗ്യകരമായ ചുറ്റുപാടിൽ പ്രവർത്തിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇതിനു സ്റ്റോപ്പ് മെമ്മോ നൽകിയത്. ഇപ്പോൾ തകർച്ചയിലായ അറവുശാല സാമൂഹ്യവിരുദ്ധരുടെയും തെരുവുനായ്ക്കളുടെയും താവളമാണ്.
കൂടാതെ അറവുശാലയിലെ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കാൻ നിർമിച്ച ബയോഗ്യാസ് പ്ലാന്റും കാര്യമായ പ്രവർത്തനമില്ലാതെ കിടക്കുകയാണ്. നഗരസഭകളിൽ പലതും ആധുനിക അറവുശാലകൾ നിർമിച്ച് വിജയകരമായി പ്രവർത്തിപ്പിക്കുന്പോഴാണ് തൊടുപുഴയിൽ ഇത് നടപ്പിലാക്കാൻ കഴിയാത്തത്.
നഗരസഭയുടെ ആദ്യ ഭരണ സമിതിയുടെ കാലത്തായിരുന്നു മാർക്കറ്റിനോടനുബന്ധിച്ച് അറവുശാല നിർമിച്ചത്. നഗരപ്രദേശത്തുള്ള മാംസവിൽപ്പന കേന്ദ്രവത്കരിക്കുകയായിരുന്നു ലക്ഷ്യം. തുടർന്നു മാറി വന്ന ഭരണ സമിതികൾ ചെറിയ രീതിയിൽ അറവുശാല നവീകരിക്കുകയും ചെയ്തിരുന്നു. തുടർന്ന് 2005 ലാണ് ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്നത്. ആദ്യ കാലത്ത് വളരെ നല്ല രീതിയിലാണ് പ്ലാന്റ് പ്രവർത്തിച്ചത്. ഇതിൽ നിന്ന് ലഭിക്കുന്ന ബയോഗ്യാസ് ഉപയോഗിച്ച് മാർക്കറ്റിലേയും മുനിസിപ്പൽ മൈതാനിയിലേയും തെരുവു വിളക്കുകളും പ്രകാശിപ്പിച്ചിരുന്നു. എന്നാൽ പ്ലാന്റിനു ചേരാത്ത വസ്തുക്കൾ നിക്ഷേപിച്ചത് കാരണം പ്ലാന്റ് പ്രവർത്തന രഹിതമായെങ്കിലും ഇപ്പോൾ ചെറിയ രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.
ഇതിനിടെയാണ് 2007-ൽ അറവുശാലയ്ക്ക് അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകിയത്. നഗര മേഖലയിൽ മാത്രം ദിവസേന 25-ഓളം മാടുകളെ കശാപ്പു ചെയ്യുന്നുണ്ട്. ഇവയെ കൊല്ലുന്നത് അറവുശാല നടത്തിപ്പുകാർ അവർ തന്നെ കണ്ടെത്തുന്ന സ്ഥലങ്ങളിലാണ്.
ഇതോടെ ടൗണിൽ അലഞ്ഞുതിരിയുന്ന തെരുവു നായ്ക്കളുടെ ശല്യവും കൂടി. പല മേഖലകളിലും തെരുവു നായ്ക്കളുടെ ശല്യം മൂലം കാൽനടക്കാർക്ക് വഴി നടക്കാൻ കഴിയാതായി. ഈ സാഹചര്യത്തിലാണ് നഗരസഭയിൽ ആധുനിക അറവുശാലയെന്ന ആവശ്യം കൂടുതൽ ശക്തമായത്.
ഈ ഭരണസമിതിയുടെ കാലത്ത് ചേർന്ന നഗരസഭ കൗണ്‍സിലിലും ആധുനിക അറവുശാലയെന്ന വിഷയം ഉയർന്നു വന്നതിനെ തുടർന്ന് നല്ല രീതിയിൽ പ്രവർത്തിക്കുന്ന അറവുശാലകൾ പോയി കണ്ട് അവയുടെ പ്രവർത്തന രീതിയും നിർമാണച്ചിലവും മനസിലാക്കുന്നതിനുമായി ഒരു സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു.
ടി.കെ.സുധാകരൻ നായർ, രാജീവ് പുഷ്പാംഗദൻ, ബാബു പരമേശ്വരൻ, എന്നിവരായിരുന്നു സബ്കമ്മിറ്റി അംഗങ്ങൾ. തുടർന്ന് കൗണ്‍സിലർമാർ മണ്ണുത്തി കാർഷിക സർവകലാശാലയോടനുബന്ധിച്ച് പ്രവർത്തിക്കുന്ന അറവുശാലയിൽ സന്ദർശനം നടത്തിയിരുന്നു. ഈ മാതൃകയിൽ തൊടുപുഴയിൽ അറവുശാല സ്ഥാപിക്കാമെന്ന് കൗണ്‍സിലിൽ അറിയിക്കുകയും ചെയ്തിരുന്നു.
എന്നാൽ മാസങ്ങൾ പിന്നിട്ടെങ്കിലും അറവുശാലയ്ക്കുള്ള രൂപരേഖ പോലും തയാറാക്കിയില്ല. ഇപ്പോൾ വീണ്ടും ഇതിനായി സ്റ്റിയറിംഗ് കമ്മിറ്റിയെ നിയോഗിച്ചിരിക്കുകയാണെന്നാണ് നഗരസഭ അധികൃതർ പറയുന്നത്. ക്ലീൻ കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ആധുനിക അറവുശാല നിർമാണത്തിന് ഫണ്ടു ലഭിക്കുമെന്നിരിക്കെ നഗരസഭ ഇതിനായി നീക്കം നടത്തുന്നില്ല. അറവുശാല നടത്തിപ്പുകാരെ സഹായിക്കാനാണ് നഗരസഭ ഇക്കാര്യത്തിൽ മെല്ലെപ്പോക്ക് തുടരുന്നതെന്നാണ് ആക്ഷേപം.