ചുങ്കപ്പാറ: അനധികൃത അറവുശാലകൾ ചുങ്കപ്പാറയിൽ പെരുകുന്നു. കോടതി നിർദേശങ്ങളും നിയമങ്ങളും കാറ്റിൽപറത്തി കശാപ്പു നടത്തുന്നവർ അറവുമാലിന്യങ്ങൾ അലക്ഷ്യമായി ഇടുന്നതും ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കുന്നു.
അറവുശാലകളുടെ പ്രവർത്തനം സംബന്ധിച്ച് സർക്കാർ നൽകിയിട്ടുള്ള മാർഗനിർദേശങ്ങൾ പാലിക്കാതെയാണ് മിക്കവയുടെയും പ്രവർത്തനം. റബർതോട്ടങ്ങളിലും മറ്റുമാണ് താത്കാലികമായി അറവുശാലകൾ പ്രവർത്തിക്കുന്നത്.
പരസ്യമായി നടത്തുന്ന കശാപ്പിനേ തുടർന്നുള്ള മാലിന്യങ്ങൾ സമീപത്തെ തോടുകളിലും പുരയിടങ്ങളിലും അലക്ഷ്യമായി ഉപേക്ഷിക്കുകയാണ് പതിവ്.
ചുങ്കപ്പാറ സ്കൂളിനു സമീപത്തെ അറവുശാലകളിൽ നിന്നുള്ള രക്തവും മറ്റും പാത്രങ്ങളിലാക്കി സമീപത്തെ തോട്ടിൽ ഒഴുക്കുന്നതായി പരാതിയുണ്ട്.
ചുങ്കപ്പാറ, കോട്ടാങ്ങൽ, ആലപ്രക്കാട് പ്രദേശങ്ങളിൽ അനധികൃത അറവുശാലകളുടെ എണ്ണം കൂടിവരികയാണ്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് അറവുശാലകൾ പ്രദേശത്തുണ്ടാക്കുന്നതെങ്കിലും ശക്തമായ ഇടപെടൽ ആരോഗ്യവകുപ്പ് നടത്തുന്നില്ല. പരിശോധനകളും മറ്റും കാര്യക്ഷമവുമല്ല.
മാംസക്കച്ചവടം ഏറെ നടക്കുന്ന പ്രദേശമാണെങ്കിലും കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിന് സ്വന്തമായി സ്ലോട്ടർഹൗസ് ഇല്ല. അറവുമാടുകളെ സംബന്ധിച്ച് വിവരം ശേഖരിക്കാനോ പരിശോധന നടത്താനോ അനുമതി നൽകാനോ ബന്ധപ്പെട്ടവർ തയാറാകുന്നുമില്ല.