ചാവക്കാട്; ടൗണിനോട് ചേർന്നു നിൽക്കുന്ന അറവുശാല വിപുലീകരിക്കാനുള്ള നഗരസഭയുടെ തീരുമാനം പുനപ്പരിശോധിക്കണമെന്ന് വ്യാപാരികൾ. അറവുശാലയോട് ചേർന്നു കിടക്കുന്ന സ്ഥലം അക്വയർ ചെയ്ത് വിപുലീകരിക്കാൻ ചൊവ്വാഴ്ച ചേർന്നു കൗണ്സിൽ യോഗം തീരുമാനിച്ചു.ഇതു ടൗണിന്റെ വികസനത്തെ കാര്യമായി ബാധിക്കുമെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടി.
ടൗണിനോട് ചേർന്നു കിടക്കുന്ന പല ഭാഗത്തും വികസനം നടന്നിട്ടും ചേറ്റുവ റോഡിൽ വികസനം നടപ്പാക്കാത്തത് ഇവിടെ അറവുശാല ഉള്ളതാണ് കാരണമെന്നു പറയുന്നു. ബാങ്കും പ്രമുഖ സ്വർണക്കടയും മറ്റും ഉണ്ടെങ്കിലും ദേശീയപാത കടന്നുപോകുന്ന ഈ റോഡിൽ വേണ്ടത്ര വളർച്ച നടക്കുന്നില്ല.
നഗരസഭയുടെ ഉടമസ്ഥതയിൽ ഉൾപ്രദേശങ്ങളിൽ വേണ്ടത്ര സ്ഥലമുണ്ട്. അറവുശാല അവിടേക്ക് മാറ്റി, ഇപ്പോൾ അറവുശാല നിൽക്കുന്നിടത്ത് വാണിജ്യ കെട്ടിടം പണിതാൽ നഗരസഭയ്ക്കു വരുമാനവും ടൗണിലെത്തുന്നവർക്ക് മൂക്കുപൊത്താതെ സഞ്ചരിക്കാനും കഴിയും. ലക്ഷങ്ങൾ വിലമതിക്കുന്ന സ്ഥലത്തുതന്നെ അറവുശാല പണിയണോ ഒഴിഞ്ഞ പ്രദേശത്തേക്ക് മാറ്റിക്കൂടേ, കേരളത്തിൽ ഒരിടത്തും ടൗണിൽ അറവുശാല കാണില്ലെന്നും വ്യാപാരികൾ പറഞ്ഞു.
പണ്ട് ചാവക്കാട് സെന്ററിൽനിന്നും ഏതാണ്ട് 150 മീറ്റർ മാറകാട്ട് ചെടികൾക്കും പൊന്തക്കാടുകൾക്കും നടുവിൽ തെരുവുനായ്ക്കളുടെ കാവലിൽ ഇടിഞ്ഞ് വീഴാറായ കെട്ടിടമായിരുന്നു അറവുശാല. സമീപത്ത് കുറെ ഭാഗം വിശാലമായ പാടം, അധികം ആൾ – വാഹന സഞ്ചാരമില്ലാത്ത ചേറ്റുവ റോഡ്, പിന്നീട് ചേറ്റുവ പാലം വന്നു.
റോഡ് ദേശീയപാതയുടെ ഭാഗമായി അറവുശാലക്ക് പിന്നിലും വശങ്ങളിലുമുണ്ടായിരുന്ന പാടങ്ങൾ നികത്തി കെട്ടിടങ്ങൾ വന്നു. ബസ് സ്റ്റാൻഡും ബൈപാസ് റോഡും എത്തി. നഗരം വികസിച്ചപ്പോൾ ആരും ശ്രദ്ധിക്കാതെ, അറിയാതെ ദുർഗന്ധം വമിക്കുന്ന അറവുശാല പട്ടണത്തിന്റെ നടുവിലായി.
എല്ലാ വർഷവും നഗരസഭ ബജറ്റിൽ അറവുശാലക്ക് തുക വകയിരുത്തി. പുതിയ സ്ഥലം ലഭിച്ചില്ലെന്നു അധികൃതർ പറയുന്നു. ഇതിനിടയിൽ ഇടക്കിടയ്ക്ക് അറവുശാലയിൽ നവീകരണം നടന്നുവെങ്കിലും ദുർഗന്ധത്തിനു പരിഹാരമായില്ല. ഇതേ തുടർന്നു സമീപത്തെ പല സ്ഥാപനങ്ങളും അടച്ചുപൂട്ടി. പുതിയതായി നിർമിച്ച കെട്ടിടത്തിൽ മുറികൾ ഒഴിഞ്ഞു കിടന്നു.
അറവുശാല മാറ്റി, അക്വയർ ചെയ്ത സ്ഥലംകൂടി കൂട്ടിച്ചേർത്ത് കെട്ടിടം നിർമിച്ചാൽ നഗരസഭയുടെ വരുമാനം വർധിക്കുന്നതോടൊപ്പം സമീപത്തെ അടഞ്ഞ കെട്ടിടങ്ങൾക്ക് ജീവൻ വയ്ക്കും. തെക്കേ ബൈപാസ് കവല പുതിയ വാണിജ്യമുഖമാകും.മാംസവിൽപ്പന കുറഞ്ഞു. വിശേഷാൽ അവസരത്തിൽ മാത്രമാണ് കാലികളുടെ കശാപ്പ് കാര്യമായി നടക്കുന്നത്.
ദിവസത്തിൽ രണ്ടോ, മൂന്നു കാലികളുടെ അറവിനു ലക്ഷങ്ങൾ വിലമതിക്കുന്ന സ്ഥലത്ത് തന്നെ ആധുനിക അറവുശാലക്ക് പണം മുടക്കണോ.ഇതിനിടെ, ആടുകളെ മാംസവില്പന കേന്ദ്രത്തിൽ തന്നെയാണ് അറക്കുന്നതെന്നും ആക്ഷേപമുണ്ട്. വെള്ളം ലഭിക്കാത്ത സ്ഥലത്ത് കോടികൾ മുടക്കുന്നതിനു മുന്പ് നഗരസഭ ഒരു വട്ടംകൂടി ചിന്തിക്കണം നാട്ടുകാർ ആവശ്യപ്പെട്ടു.