പുനലൂർ: ജില്ലയുടെ കിഴക്കൻ മേഖലയിൽ അനധികൃത അറവുശാലകൾ വൃത്തിഹീനമായിട്ടും നടപടിയില്ല. ഇവിടെ നൂറിലധികമാണ് അറവുശാലകൾ.മിക്ക അറവുശാലകളും തൊഴിത്തിന് സമാനമാണ്.
കാലികളുടെ വിസർജ്യ വസ്തുക്കളും രക്തവും തളം കെട്ടി നിൽക്കുന്ന അന്തരീക്ഷം. യാതൊരു മറവും കൂടാതെ പരസ്യമായി കെട്ടി തൂക്കിയിടുന്ന ഇറച്ചിയിൽ പ്രാണികൾ കടന്നു കൂടുമ്പോഴും അറവുകാർക്ക് ഈ ഇറച്ചി വിൽക്കാൻ യാതൊരു തടസവുമില്ല. ആര്യങ്കാവ് ചെക്കു പോസ്റ്റ് കടന്നാണ് കിഴക്കൻ മേഖലയിൽ അറവുമാടുകളെ എത്തിക്കുന്നത്.
ഇതിൽ ഏറിയകൂറും രോഗബാധിതമാടുകൾ ആണ്. ഇറച്ചിയക്ക് ഭാരം സൃഷ്ടിക്കാൻ മാരക വിഷ രാസവസ്തുക്കൾ ആണ് ഇവയ്ക്ക് ഭക്ഷണത്തിലൂടെയും, കുത്തിവയ്പിലൂടെയും നൽകുന്നത്. കാലി രോഗങ്ങളിൽ പ്രധാനമായ കുളമ്പ് രോഗങ്ങളും ആന്ത്രാക്സ്, ബ്രൂസലോസിസ്, സാൽമൊണല്ലോ സിസ്, ടിനിയാസിനി, മെനിഞ്ചൈറ്റീസ്, ലിസ്റ്റീരിയോസിസ്, ഭക്ഷ്യവിഷബാധ രോഗങ്ങൾ, എലിപ്പനി, ടെറ്റനസ്, വിര ബാധ, പുഴുക്കടി, മറ്റ് ആമാശയ രോഗങ്ങൾ എന്നിവയും ഉള്ള കാലികളെ വാഹനങ്ങളിലും മറ്റും കുത്തി നിറച്ച് തമിഴ്നാട്ടിൽ നിന്നും കടത്തിക്കൊണ്ടു വരുന്നു.
രോഗം മൂർഛിച്ച് ചത്തുവീഴുന്ന കാലികളെ ഉടമയക്ക് തുശ്ചമായ വില നിൽകിയും അറവുശാലകളിൽ എത്തിച്ച് വൻ ലാഭം കൊയ്യുന്ന അറവുശാലകളും ഉണ്ട്. കശാപ്പിന് മുൻപും പിമ്പും വെറ്ററിനറി ഡോകടർ കാലികളെ പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയ കാലികളെ മാത്രമെ കശാപ്പ് ചെയ്യാവൂ എന്നാണ് നിയമം. എന്നാൽ അംഗീകൃത അറവുശാലകൾ പോലും ഇതൊന്നും പാലിക്കാറില്ല. ഇവിടെ ശാസ്ത്രീയ രീതിയിലുള്ള അറവുശാലകളോ, അറവു രീതികളോ ഇല്ല.
ഇപ്പോഴും പ്രാകൃത രീതിയിൽ കാലികളുടെ കൈകാലുകൾ ബന്ധിച്ച് ആണ് കശാപ്പ്. ഇതിന് ശേഷം രക്തവും മാംസാവശിഷ്ടങ്ങളും മാറ്റാറുമില്ല.
ഇതിനെതിരെ ആറു വർഷം മുന്നെ കളക്ടറുടെ നേതൃത്വത്തിൽ ഒരു പരിശോധനാ സംഘത്തെ നിയോഗിച്ചു എങ്കിലും അത് നടപ്പാക്കാൻ ഇന്നും കഴിഞ്ഞിട്ടില്ല. കിഴക്കൻ മേഖലയിൽ പ്രവൃത്തിക്കുന്നതായ അറവുശാലകളിൽ 85 ശതമാനവും അനധികൃതമാണ് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത.
പഞ്ചായത്ത് നഗരസഭാ, കോർപ്പറേഷൻ ലൈസൻസുകൾ അതാത് ഭരണക്കാർ തങ്ങളുടെ ഇഷ്ടക്കാർക്ക് നൽകി വൻ തുക വസൂലാക്കുമ്പോൾ അവരുടെ ജോലി കഴിഞ്ഞു. വർഷത്തിൽ ഒരിക്കൽ അംഗീകൃത അറവുശാലകളിൽ നടക്കുന്ന പരിശോധനകളിൽ ഉദ്യോഗസ്ഥർ കൈക്കൂലിക്ക് മുന്നിൽ കീഴടുങ്ങുകയാണ് പതിവ്.കശാപ്പിന് ശേഷം കാലികളുടെ ആന്തരീകാവയവങ്ങൾ കൂടി പരിശോധിക്കണമെന്ന നിയമവും 2015ൽ ഉണ്ടായിട്ടുണ്ട്.
കാലികളിൽ നിന്നും മനുഷ്യനിലേയും രോഗാവസ്ഥ കണ്ടുതുടങ്ങിയതോടെയാണ് ഇത്തരം നിയമങ്ങൾ ഒക്കെ ഉണ്ടായത്. എന്നാൽ നിയമങ്ങൾക്ക് പുല്ലുവില നൽകിക കശാപ്പുശാലകളുടെ എണ്ണം ദിനംപ്രതി ഏറുമ്പോഴും അധികൃതർ മൗനം പാലിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ആകും സൃഷ്ടിക്കുക. എന്നാൽ തീൻമേശയിൽ ബീഫ് ഇല്ലാതെ കഴിയാത്ത ഒരു സമൂഹമാണ് ഇന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.