മൂവാറ്റുപുഴ: കോടികൾ ചെലവഴിച്ചു നിർമിച്ച നഗരസഭയുടെ ആധുനിക അറവുശാല അടച്ചുപൂട്ടിയിട്ടു 15 വർഷമാകുന്നു. 2004-ൽ കാവുംകരയിലാണ് ആധുനിക അറവുശാല സ്ഥാപിച്ചത്. മാലിന്യ സംസ്കരണം ഉൾപ്പെടെയുള്ള സംവിധാനങ്ങളോടെയാണ് അറവുശാല സ്ഥാപിച്ചിരുന്നതെങ്കിലും മാലിന്യ സംസ്കരണം പാളിയതോടെ പ്രദേശവാസികൾ കോടതിയെ സമീപിക്കുകയായിരുന്നു.
കേസ് പരിഗണിച്ച കോടതി അറവുശാല അടച്ചുപൂട്ടാൻ ഉത്തരവിട്ടു. മാലിന്യ സംസ്കരണത്തിനു ഫലപ്രദമായ മാർഗമില്ലെന്ന കാരണത്താലാണ് അറവുശാല അടച്ചുപൂട്ടിയത്. മാലിന്യ സംസ്കരണത്തിനുള്ള ആധുനിക സംവിധാനങ്ങൾ സ്ഥാപിച്ചിരുന്നെങ്കിലും ഇവയൊന്നും ഒരു ദിവസം പോലും പ്രവർത്തിച്ചില്ല. പോരായ്മകൾ പരിഹരിച്ച് അറവുശാലയുടെ പ്രവർത്തനം പുനരാരംഭിക്കാൻ നഗരസഭാ അധികൃതരുടെ ഭാഗത്തുനിന്നു നാളിതുവരെയായിട്ടും യാതൊരു ശ്രമവും നടത്തുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.
അതേസമയം എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് നഗരത്തിലും പരിസര പ്രദേശങ്ങളിലും അനധികൃത കശാപ്പ് തകൃതിയായി നടക്കുകയാണ്. മാലിന്യ പ്രശ്നത്തിന്റെ പേരിൽ അറവുശാല അടച്ചുപൂട്ടിയെങ്കിലും മൂവാറ്റുപുഴയാറിനെ വലിയ തോതിൽ മലിനമാക്കുന്നതും നഗരസഭയുടെ വരുമാനം ഇല്ലാതാക്കുന്നതുമായ അനധികൃത കശാപ്പിനെതിരേ അധികൃതർ മൗനം പാലിക്കുകയാണ്.
ആധുനിക അറവുശാല പൂട്ടിയതിനുപിന്നാലെ ഏറ്റവും കൂടുതൽ അറവുശാലകൾ ഉണ്ടായിരുന്ന പായിപ്ര പഞ്ചായത്തിലെ നിരവധി അറവുശാലകൾ കോടതി ഇടപെട്ടു പൂട്ടിച്ചു. ആവശ്യക്കാർ ഏറെയുള്ളതിനാൽ മാംസം സുലഭമായി ലഭിക്കുന്നുണ്ട്. നഗരസഭയോ ആരോഗ്യ വകുപ്പ് അധികൃതരോ പരിശോധനകളൊന്നും നടത്താത്തതുമൂലം അനധികൃത കശാപ്പുശാലയുടെ പ്രവർത്തനം സുഗമമായി നടക്കുകയാണെന്നും ആരോപണമുണ്ട്.