ഒറ്റപ്പാലം: സബ്കളക്ടറുടെ ഉത്തരവിനെ തുടർന്ന് നഗരത്തിലെ മാംസവില്പന ശാലകൾ അടച്ചുപൂട്ടി. അനുമതിയില്ലാതെ വർഷങ്ങളായി പ്രവർത്തിക്കുന്ന മാംസവില്പന ശാലകളാണ് അടച്ചുപൂട്ടിയത്. കൃത്യമായ മാലിന്യ സംസ്കരണ സംവിധാനം ഇവയ്ക്കൊന്നുമില്ലെന്ന് അധികൃതർ പറഞ്ഞു.
ഈസ്റ്റ് ഒറ്റപ്പാലം ടി.ബി റോഡിലെ പഴയ മാർക്കറ്റ്, നഗരസഭാ മാർക്കറ്റ് കോംപ്ലക്സ് എന്നിവിടങ്ങളിലെ മാംസവില്പന ശാലകളാണ് അടപ്പിച്ചത്. ആട്ടിറച്ചി, മാട്ടിറച്ചി വില്ക്കുന്ന സ്ഥാപനങ്ങൾക്കെതിരേയാണ് നടപടി. മാംസ വ്യാപാര സ്ഥാപനങ്ങളിൽനിന്നുള്ള അവശിഷ്ടങ്ങൾമൂലം ഈസ്റ്റ് ഒറ്റപ്പാലം, പൂളക്കുണ്ട്, കുന്നുംപുറം നിവാസികൾ നല്കിയ പരാതിയാണ് മാംസകടകളുടെ അവസാനത്തിന് താഴുവീഴ്ത്തിയത്. ഇവർ ഒറ്റപ്പാലം സബ് കളക്ടർക്ക് പരാതി നല്കിയിരുന്നു.
തുടർന്നു വില്ലേജ് ഓഫീസർ പരിശോധന നടത്തുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. വാദം കേൾക്കാൻ നടപടി പൂർത്തിയാക്കിയശേഷം മാത്രമാണ് സബ് കളക്ടർ ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവിറക്കയത്. ഒറ്റപ്പാലം പരിസരപ്രദേശങ്ങളിൽ നിന്നുള്ള അറവുമാലിന്യങ്ങളെല്ലാം തള്ളുന്നത് ജനവാസകേന്ദ്രമായ കുന്നുംപുറം മേഖലയിലാണ്.
നഗരസഭയിൽനിന്നും ലൈസൻസ് എടുക്കാതെയും മാംസാവശിഷ്ടങ്ങൾ സംസ്കരിക്കുന്നതിനു സംവിധാനമില്ലാതെയും മതിയായ ആരോഗ്യസുരക്ഷ ഒരുക്കാതെയുമാണ് അറവുമാടുകളെ ഇവിടങ്ങളിൽ അറുത്തു വില്പന നടത്തിയിരുന്നത്. ഒഴിഞ്ഞ പ്രദേശങ്ങളിലും വീടുകൾ കേന്ദ്രീകരിച്ചും അറവുനടക്കുന്നതായി ആരോഗ്യവകുപ്പിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവർക്കെതിരേയും നടപടിയുണ്ടാകും.