അരയൻകാവ് : ആമ്പല്ലൂർ പഞ്ചായത്തിലെ കീച്ചേരി മണ്ണാറവേലി, ചിറപ്പുറം നിവാസികൾക്ക് അരയൻകാവിലേക്ക് എളുപ്പത്തിലെത്തിച്ചേരാൻ വിഭാവനം ചെയ്ത ചിറപ്പുറം-കോനാട്ടുതാഴം-അരയൻകാവ് റോഡ് നിർമാണം നിലച്ചിട്ട് വർഷങ്ങളായിട്ടും അധികാരികൾക്ക് അനങ്ങാപ്പാറ നയമെന്നു പരാതി.
ചിറപ്പുറത്തുനിന്നും എട്ടുപറത്തോടിന്റെ അരികുകൾ കരിങ്കല്ല് കെട്ടി ചിറ ബലപ്പെടുത്തി ക്രോസോത്ത് അമ്പലത്തിനു സമീപമുള്ള പാടശേഖരത്തിലെത്തി തോടിനു മുകളിലൂടെ സ്ളാബുകൾ വിരിച്ച് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡ് മുറിച്ചുകടന്ന് അരയൻകാവിൽ നിന്നാരംഭിക്കുന്ന കോനാട്ടുതാഴം റോഡുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതി.
തൊണ്ടിലങ്ങാടി – പൊയ്യാറ്റിത്താഴം റോഡിന്റെ നവീകരണം അനന്തമായി നീളുന്ന ഈ സമയത്ത് മണ്ണാറവേലി നിവാസികൾക്ക് ഏറെ സഹായമാകുമായിരുന്നു പ്രസ്തുത റോഡ്. നിലവിൽ കോനാട്ടുതാഴം പാടശേഖരത്തിലെത്തി നിർമാണം നിലച്ചിരിക്കുകയാണ്. പഞ്ചായത്തിലെ 12,13 വാർഡുകളിലെ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായിരുന്നു നിർദിഷ്ട റോഡ്.
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയാണ് നിർമാണം ആരംഭിച്ച് ഇത്രയും പ്രവൃത്തികൾ നടപ്പിലാക്കിയത്. തുടർന്ന് വന്ന ഭരണസമിതി റോഡിനെപ്പറ്റി ചിന്തിച്ചിട്ടില്ലെന്നും അനുവദിച്ച തുക വകമാറ്റി ചിലവഴിക്കുകയായിരുന്നുമെന്നു പരിസരവാസികൾ പറയുന്നു.
റോഡ് യഥാർഥ്യമാവുകയായിരുന്നെങ്കിൽ ചിറപ്പുറത്തു നിന്നും പടിഞ്ഞാറേക്ക് കോണത്തു ബണ്ടുമായി ബന്ധിപ്പിച്ച് ടൂറിസം സാധ്യതയുള്ള റോഡാക്കി മാറ്റി കാട്ടിക്കുന്നു വരെ എത്തിക്കാൻ സാധിക്കും.
ഈ റോഡ് പുതിയ പദ്ധതിയായതിനാൽ പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ടിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. അതിനുള്ള നടപടികൾ വില്ലേജ് അധികൃതർ സ്വീകരിച്ചു വരികയാണെന്നും ഘട്ടം ഘട്ടമായി മാത്രമേ പദ്ധതി നടപ്പാക്കാൻ കഴിയൂ എന്നും പറയുന്നു.
പഞ്ചായത്തിന്റേതായി മാറിയാൽ എംഎൽഎ ഫണ്ടടക്കമുള്ള സഹായങ്ങൾ കിട്ടുകയും റോഡ് യാഥാർഥ്യമാക്കാൻ കഴിയുകയും ചെയ്യുമായിരുന്നു. എത്രയും വേഗം അധികാരികൾ നടപടികൾ സ്വീകരിച്ചു റോഡ് യാഥാർഥ്യമാക്കണമെന്നു പരിസരവാസികൾ ആവശ്യപ്പെടുന്നു.