കൊച്ചി: ചികിത്സയ്ക്കായി പണം കണ്ടെത്തുന്നതിന് തീറെഴുതി നൽകിയ ഏഴ് സെന്റ് ഉൾപ്പെടെ മുഴുവൻ ഭൂമിയും സ്വകാര്യ വ്യക്തി തട്ടിയെടുത്തെന്നും ഈ ഭൂമി തിരികെ ലഭിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് അർബുദ രോഗികളായ ദന്പതികൾ ആംബുലൻസിൽ കണയന്നൂർ താലൂക്ക് ഓഫീസിലെത്തി. ഭൂമി തിരികെ ലഭിക്കുന്നതു സംബന്ധിച്ച് ഒരാഴ്ചയ്ക്കകം നടപടിക്രമങ്ങൾ സ്വീകരിക്കാമെന്ന തഹസിൽദാറുടെ ഉറപ്പിൻമേൽ ദന്പതികൾ ഉച്ചയോടെ മടങ്ങി.
ചോറ്റാനിക്കര തെക്കിനേത്ത് ലക്ഷ്മി നാരായണൻ (62), ഭാര്യ തങ്കമണി (51) എന്നിവരാണ് ആംബുലൻസിൽ ഇന്നലെ രാവിലെ താലൂക്ക് ഓഫീസിനു മുന്നിലെത്തിയത്. തീർത്തും അവശരായ ദന്പതികളുടെ പരാതി തഹസിൽദാർ ബീന പി. ആനന്ദും ജീവനക്കാരും ആംബുലൻസിനടുത്തേക്കുവന്ന് ശ്രവിച്ചു.
രണ്ട് വർഷം മുന്പാണു കേസിനാസ്പദമായ സംഭവങ്ങൾക്കു തുടക്കം. മക്കളില്ലാത്ത ദന്പതികൾ അർബുദ രോഗ ചികിത്സയ്ക്കായാണു കുന്പളം ബൈപ്പാസിനോട് ചേർന്നുള്ള ഏഴ് സെന്റ് സ്ഥലം സ്വകാര്യ വ്യക്തിക്കു തീറെഴുതി നൽകിയത്. ഏഴ് ലഷം രൂപയ്ക്കാണു സ്ഥലം നൽകിയതെങ്കിലും രണ്ടു വർഷംകൊണ്ട് രണ്ട് ലക്ഷം രൂപ മാത്രമേ ഇയാൾ നൽകിയിട്ടുള്ളൂവെന്ന് ദന്പതികൾ പറയുന്നു. ഇതിനിടെ രോഗം മൂർച്ഛിക്കുകയും ചികിത്സ തുടരുകയും ചെയ്തു.
ആശുപത്രി വാസത്തിനിടെയാണ് ഏഴ് സെന്റിനു പകരം 27 സെന്റ് സ്ഥലവും ഇയാൾ തട്ടിയെടുത്തെന്ന് ദന്പതികൾ അറിയുന്നതെന്ന് ഇവരുമായി ബന്ധപ്പെട്ടവർ ആരോപിക്കുന്നു. ചില വില്ലേജ് ഓഫീസ് ജീവനക്കാരുടെ ഒത്താശയും ഇതിനു പിന്നിലുണ്ടെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.
ദന്പതികൾ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 20 സെന്റ് സ്ഥലം തിരികെ നൽകാൻ ഇയാൾ തയാറായെങ്കിലും വില്ലേജ് ഓഫീസിൽനിന്നു ലഭിക്കേണ്ട തണ്ടപ്പേർ രജിസ്റ്ററിന്റെ പകർപ്പ് ഉൾപ്പെടെ നൽകാൻ ജീവനക്കാർ തയാറായില്ല. ഇതുൾപ്പെടെ ചൂണ്ടിക്കാട്ടിയാണു ദന്പതികൾ താലൂക്ക് ഓഫീസിലെത്തിയത്. സംഭവത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഭൂരേഖ തഹസിൽദാറിനോട് ആവശ്യപ്പെട്ടതായി തഹസിൽദാർ ബീന പി. ആനന്ദ് വ്യക്തമാക്കി.