കോട്ടയം: എആര്‍ ക്യാമ്പില്‍നിന്നു വന്‍തോതില്‍ ആക്രിസാധനങ്ങള്‍ കടത്തിക്കൊണ്ടുപോയി വില്പന നടത്തുന്നുവെന്ന ആരോപണം ശക്തം. മാനദണ്ഡങ്ങള്‍ പാലിക്കാതെ കഴിഞ്ഞ നാലുദിവസമായി എആര്‍ ക്യാമ്പില്‍നിന്നും ടാറ്റാ 407 ലോറിയില്‍ അഞ്ചു ലോഡ് ആക്രി സാധനങ്ങളാണ് പുറത്തേക്കു പോയത്. മുന്‍കാലങ്ങളില്‍ ക്യാമ്പില്‍ ആക്രിസാധനങ്ങള്‍ വന്‍തോതില്‍ കുമിഞ്ഞുകൂടി കഴിയുമ്പോള്‍ ജില്ലാ പോലീസ് ചീഫിനു റിപ്പോര്‍ട്ട് നല്‍കും.
തുടര്‍ന്നു ജില്ലാ പോലീസ് ചീഫിന്റെ നിര്‍ദേശപ്രകാരം ഓരോ സാധനങ്ങള്‍ക്കും അടിസ്ഥാന വില നിശ്ചയിച്ചു നോട്ടീസ് പതിപ്പിക്കും. ഒന്നിലധികം ആളുകള്‍ നോട്ടീസ് ശ്രദ്ധയില്‍പ്പെട്ട് ആക്രി സാധനങ്ങള്‍ വാങ്ങുന്നതിനായി എത്തിച്ചേര്‍ന്നാല്‍ നിശ്ചിത ദിവസം ലേലം വിളിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും. പിന്നീട് ഏറ്റവും കൂടിയ വിലയ്ക്കു ലേലം വിളിക്കുന്നവര്‍ക്കായിരിക്കും സാധനങ്ങള്‍ നല്‍കുക. ഇത്തരത്തിലുള്ള നടപടിക്രമങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് എആര്‍ ക്യാമ്പിലെ ബന്ധപ്പെട്ട അധികൃതര്‍ സാധനങ്ങള്‍ കടത്തിപുറത്തു കൊണ്ടുപോയി വിൽക്കുന്നത്.
കെഎപി കോമ്പൗണ്ടിനുള്ളില്‍ ലോറി എത്തിച്ചാണ് ആക്രിസാധനങ്ങള്‍ കയറ്റുന്നത്. അഞ്ചു ലോഡ് സാധനങ്ങള്‍ കയറ്റിയതു ക്യാമ്പിലെ ദിവസക്കൂലിക്കാരെ ഉപയോഗിച്ചാണ്. ഒരു ലോഡ് സാധനങ്ങള്‍ കയറ്റി വിടുമ്പോള്‍ ദിവസക്കൂലിക്കാര്‍ക്കു പാരിതോഷികമായി 500 രൂപയും നല്‍കിയിരുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെ ആക്രിസാധനങ്ങള്‍ കടത്തിക്കൊണ്ടു പോകുന്നവര്‍ക്കെതിരേ ബന്ധപ്പെട്ടവര്‍ ഇടപെട്ട് അടിയന്തരമായി നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യമുയര്‍ന്നിരിക്കുകയാണ്.