അടൂർ: യുക്രെയ്നിലെ യുദ്ധഭൂമിയിൽനിന്ന് നാട്ടിലെത്താനായതിന്റെ സന്തോഷത്തിലാണ് അടൂർ തെങ്ങമം പ്രയാഗിൽ ആർച്ച അരവിന്ദ്.
യുക്രെയ്ന്റെ തലസ്ഥാന നഗരമായ കീവ്ലെ ബോഗോമോളജ് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ നാലാംവർഷ എംബിബിഎസ് വിദ്യാർഥിനിയാണ് ആർച്ച അരവിന്ദ്. കഴിഞ്ഞ 17ന് ഉച്ചയ്ക്ക് 12.30നാണ് തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയത്.
നാട്ടിൽ എത്താനായെങ്കിലും ഒപ്പമുണ്ടായിരുന്നവരിൽ പലരും യുക്രെയ്നിൽ കുടുങ്ങിയതിന്റെ വിഷമം ആർച്ചയെ അലട്ടുന്നുണ്ട്. അവിടെയുള്ളവരുമായി ഇന്നലെയും ഫോണിൽ വിവരങ്ങൾ ആരാഞ്ഞിരുന്നു.
പ്ലസ്ടുവിനുശേഷം മെഡിക്കൽ വിദ്യാഭ്യാസത്തിനായി 2018ലാണ് യുക്രെയ്നിലേക്കു പോയത്. അവിടെ സ്ഥിതിഗതികൾ വഷളായതോടെ നാട്ടിലേക്കു മടങ്ങാൻ താത്പര്യമുള്ളവർക്ക് മടങ്ങാമെന്ന് ഇന്ത്യൻ എംബസിയിൽനിന്ന് കഴിഞ്ഞ 15നാണ് അറിയിപ്പ് എത്തിയത്.
നാട്ടിലേക്കു പോരാൻ തീരുമാനിച്ചതോടെ കീവ് ബോറിസ്പിൽ ഇന്റർനാഷണൽ എയർപോർട്ടിൽനിന്നും 16ന് ഉച്ചയ്ക്ക് എയർ അറേബ്യയിൽ ഷാർജയിൽ എത്തി.
അവിടെ നിന്ന് 17ന് രാവിലെ ഏഴിന് തിരുവനന്തപുരത്തേക്കുള്ള എയർ അറേബ്യ വിമാനത്തിൽ യാത്ര പുറപ്പെടുകയായിരുന്നു.ആർച്ച അരവിന്ദ് വന്ന വിമാനത്തിൽ ഇതേ കോളജിലെ മലയാളി വിദ്യാർഥികളടക്കം ഉണ്ടായിരുന്നു.
മറ്റുള്ളവരിൽ ഏറെയും ഡൽഹി, ചെന്നൈ, ഹൈദ്രാബാദ് എന്നിവിടങ്ങളിലേക്കായിരുന്നു. നിരവധി മലയാളി വിദ്യാർഥികൾ ഇപ്പോഴും യുക്രെയ്നിൽ കുടുങ്ങിയിട്ടുണ്ടെന്ന് ആർച്ച പറഞ്ഞു.
സുഹൃത്തുക്കളിൽനിന്നു ലഭിക്കുന്ന വിവരങ്ങളനുസരിച്ച് അവരെല്ലാം സുരക്ഷിതരാണ്. ഭക്ഷണം അടക്കം ശേഖരിച്ചുവച്ചിട്ടുണ്ട്.
കോളജ് ഹോസ്റ്റലിലാണ് സഹപാഠികളേറെയും. യുക്രെയ്ൻ സർക്കാർ എല്ലാവർക്കും വേണ്ട സഹായങ്ങൾ ചെയ്തുനൽകിയിട്ടുണ്ട്.
ഫോണുകൾ ചാർജ് ചെയ്തു സൂക്ഷിക്കാനുള്ള നിർദേശമുണ്ട്. അടിയന്തരഘട്ടത്തിൽ ബന്ധപ്പെടേണ്ട നന്പരുകളടക്കം എല്ലാവർക്കും കൈമാറിയിട്ടുള്ളതായും സുഹൃത്തുക്കൾ ആർച്ചയോടു പറഞ്ഞു.