ബൈബിളില്‍ പറയുന്ന പുരാതന നഗരങ്ങള്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി ഒരുകൂട്ടം പുരാവസ്തു ഗവേഷകര്‍. ഇസ്രയേല്‍, അമേരിക്ക, ജോര്‍ദ്ദാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് പഴയനിയമത്തിലെ ഭീമാകാരരൂപിയായ ഗോലിയാത്തിന്റെ ജന്മസ്ഥലം കണ്ടെത്തിയെന്ന അവകാശവാദം ഉയര്‍ത്തിയിരിക്കുന്നത്. ജോര്‍ദാനിലെ അറാബ താഴ്‌വരയിലെ ചെമ്പ് ഖനിയില്‍ നടത്തിയ ഗവേഷണത്തില്‍ ഗോലിയാത്തിന്റെ ജന്മസ്ഥലമായ ഗാത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നാണ് ഇസ്രയേലിലെ ടെല്‍ അവീവ് സര്‍വ്വകലാശാലയിലെ ഗവേഷകരടങ്ങുന്ന സംഘത്തിന്റെ അവകാശവാദം.
ഇസ്രയേലിന്റേയും ജോര്‍ദാന്റേയും ദക്ഷിണമേഖലയിലെ മരുഭൂമിയിലാണ് ഗാത്ത് എന്ന പുരാതന നഗരം കണ്ടെത്തിയിരിക്കുന്ന താഴ്‌വര സ്ഥിതി ചെയ്യുന്നത്. മൂവായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള അവശിഷ്ടങ്ങളിലേക്കാണ് ഗവേഷണം എത്തിച്ചേര്‍ന്നിരിക്കുന്നത്. ബിസി 11-ാം നൂറ്റാണ്ടിന്റെ മധ്യകാലത്താണ് ഗോലിയാത്ത് ജീവിച്ചിരുന്നതായി കണക്കാക്കപ്പെടുന്നത്.
നേരത്തെ ലഭിച്ച സൂചനകളെ അടിസ്ഥാനമാക്കി കരുതിയതിനേക്കാള്‍ മനോഹരമാണ് ഗാത്തെന്നാണ് അവകാശവാദം. രാഷ്ട്രീയമായും സൈനികമായും സാംസ്‌കാരികമായും ഈ മേഖലയിലെ പ്രധാന സംസ്‌ക്കാരമായിരുന്നു ഗാത്തിലെ ഫെലിസ്ത്യരുടേതെന്നാണ് വിലയിരുത്തുന്നത്. കൂറ്റന്‍ പാറക്കല്ലുകള്‍ കൊണ്ടാണ് ഗാത്തിലെ കെട്ടിടങ്ങളുടെ നിര്‍മ്മിതി. അതിനാല്‍ തന്നെ ഇവിടെ താമസിച്ചിരുന്നവര്‍ ഭീമന്മാരാണ് എന്നാണ് നിരീക്ഷണം. എന്തായാലും പുതിയ കണ്ടെത്തലിന് വലിയ വാര്‍ത്താ പ്രാധാന്യമാണ് ലഭിച്ചിരിക്കുന്നത്.