ഭൂകന്പങ്ങൾ തുടർക്കഥയായ ഇന്തോനേഷ്യയിൽ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഗുഹാ ചിത്രം കണ്ടെത്തി. ഇതിന് 45,500 വർഷത്തെ പഴക്കമുണ്ടെന്ന് ഗവേഷകർ അവകാശപ്പെടുന്നു. ഇന്തോനേഷ്യയിലെ ഒരു ഗുഹയിൽ വരച്ച കാട്ടുപന്നിയുടെ വലിയൊരു ചിത്രമാണ് കണ്ടെത്തിയത്.
സയൻസ് അഡ്വാൻസസ് ജേണലിൽ ഇത് സംബന്ധിച്ച പ്രബന്ധം പ്രസിദ്ധീകരിച്ചു. സുലാവാസി ദ്വീപിലാണ് ഈ ഹിമയുഗ ചിത്രം കണ്ടെത്തിയത്. സമീപത്തെ റോഡിൽ നിന്ന് ഏകദേശം ഒരു മണിക്കൂർ നടന്നാലാണ് ഈ ഗുഹയ്ക്ക് സമീപത്തെത്താനാകുക.
ചുണ്ണാന്പു കല്ലുകളാൽ ചുറ്റപ്പെട്ട ഒരു വിദൂര താഴ്വരയാലാണ് ചിത്രം കണ്ടെത്തിയ ഗുഹ. വെള്ളപ്പൊക്കം സ്ഥിരമായ ഇവിടെ വേനൽക്കാലത്ത് മാത്രമേ എത്തിച്ചേരാൻ കഴിയൂ.
ഓസ്ട്രേലിയയിൽ നിന്നും ഇന്തോനേഷ്യയിൽ നിന്നുമുള്ള ഗവേഷകരാണ് ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഈ ഗുഹാ ചിത്രം കണ്ടെത്തിയത്.ചുവന്ന ഓച്ചർ പിഗ്മെൻറ് ഉപയോഗിച്ച് വരച്ച 136 മുതൽ 54 സെൻറീമീറ്റർ വരെ വലുപ്പമുള്ള പന്നിയുടെ ചിത്രമാണ് കണ്ടെത്തിയത്.
പന്നിയുടെ പിൻവശത്തായി കൈപ്പത്തിയുടെ രണ്ട് ചിത്രങ്ങളുമുണ്ട്. ഏതോ ഒരു രംഗത്തിന്റെ വിവരണമാണിതെന്ന് കരുതുന്നു. രണ്ട് പന്നികൾ പരസ്പരം അഭിമുഖീകരിച്ച് നിൽക്കുന്ന ചിത്രമാണ് കണ്ടെത്തിയത്.
പന്നികൾ തമ്മിലുള്ള പോരാട്ടമോ സാമൂഹിക ഇടപെടലോ ’ ആകാം ചിത്രം കൊണ്ട് ഉദ്ദേശിച്ചതെന്ന് ക്യൂൻസ്ലാൻറിലെ ഗ്രിഫ്ത്ത് യൂണിവേഴ്സിറ്റി ഗവേഷക സംഘാംഗമായ ആദം ബ്രൂം പറഞ്ഞു.