കായംകുളം : ആറാട്ടുപുഴ പെരുമ്പള്ളിയിൽ ബി.എസ്.സി. നഴ്സിംഗ് വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ കാമുകനായ യുവാവിനെ ഉടൻ ചോദ്യം ചെയ്യുമെന്ന് തൃക്കുന്നപ്പുഴ സി ഐ ആർ ജോസ് രാഷ്ട്രദീപികയോട് പറഞ്ഞു.
ഇന്നലെ അർച്ചനയുടെ മാതാപിതാക്കളുടെയും അനുജത്തിയുടെയും സുഹൃത്തായ ഒരു യുവാവിന്റെയും മൊഴി പോലീസ് രേഖപ്പെടുത്തി.
അച്ഛന്റെ ആഗ്രഹം പോലെ..
പെൺകുട്ടിയുടെ വിവാഹം ഉടൻ നടത്തരുതെന്നും രണ്ടു വർഷം കഴിഞ്ഞേ നടത്താവൂ എന്ന് അർച്ചനയുടെ അച്ഛനോടു പറഞ്ഞ ഒരു ശാന്തിക്കാരനെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
ഇത് സംബന്ധമായി അർച്ചന സുഹൃത്തിന് അയച്ച വാട്സ് ആപ് ശബ്ദ സന്ദേശങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. അച്ഛന്റെ ആഗ്രഹം പോലെ നടക്കട്ടെ എന്ന് അർച്ചന പ്രതികരിച്ചതും സന്ദേശത്തിലുണ്ട്. ഇയാളെ കണ്ടെത്തി കാര്യങ്ങൾ ആരായുമെന്നും സി ഐ പറഞ്ഞു.
കാമുകന്റെ ബന്ധുക്കളെയും…
കണ്ടല്ലൂർ സ്വദേശിയായ കാമുകന്റെ ബന്ധുക്കളെയും ചോദ്യം ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി. ആറാട്ടുപുഴ പെരുമ്പള്ളി മുരിക്കിൻ വീട്ടിൽ വിശ്വനാഥൻ ഗീത ദമ്പതികളുടെ മകളും കൊല്ലത്തെ സ്വകാര്യ നേഴ്സിംഗ് കോളേജിലെ അവസാന വർഷ ബി.എസ്.സി. നഴ്സിംഗ് വിദ്യാർഥിനിയുമായിരുന്ന അർച്ചന(21) കഴിഞ്ഞ ദിവസമാണ് കത്തെഴുതി വെച്ച് വിഷക്കായ കഴിച്ച് ജീവനൊടുക്കിയത് .
കാമുകനായ യുവാവ് വിവാഹത്തിൽനിന്ന് പിന്മാറി മറ്റൊരു പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചതിൽ മനം നൊന്താണ് മകൾ ജീവനൊടുക്കിയതെന്നാണ് മാതാപിതാക്കളുടെ പരാതി. അർച്ചനയുടെ കത്തിലും ഇത് സംബന്ധമായ ചില പരാമർശങ്ങളുണ്ട്.
ഇതുവരെ കേസെടുത്തില്ല
ആരോപണ വിധേയനായ യുവാവിനെതിരെ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. ചോദ്യം ചെയ്ത ശേഷം ശക്തമായ തെളിവ് ലഭിച്ചാൽ കേസെടുക്കും എന്ന നിലപാടിലാണ് പോലീസ്.
101 പവനും കാറും നല്‍കിയാണ് തന്റെ സഹോദരിയെ വിവാഹം കഴിച്ചയച്ചതെന്നും അതുപോലെ തനിക്കും ലഭിച്ചാലേ താൻ വിവാഹം കഴിക്കൂ എന്നും യുവാവ് അർച്ചനയോട് പറഞ്ഞതായി മാതാപിതാക്കളും അനുജത്തിയും പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
മുമ്പ് യുവാവ് സുഹൃത്തുമായി അർച്ചനയുടെ വീട്ടിൽ വിവാഹം ആലോചിച്ച് ചെന്നപ്പോഴും ഇത് പറഞ്ഞതായി പിതാവ് മൊഴി നൽകി.അർച്ചനയുടെ പഠനം പൂർത്തിയായ ശേഷം വിവാഹത്തെ കുറിച്ച് ആലോചിക്കാമെന്ന് മറുപടി പറഞ്ഞതായും പിതാവ് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
പോലീസ് ഇപ്പോൾ അസ്വാഭാവിക മരണത്തിന് കേസെടുത്താണ് അന്വേഷണം നടത്തുന്നത്. ആത്മഹത്യ കുറിപ്പിൽ പറയുന്ന കാര്യങ്ങളും പോലീസ് അന്വേഷിച്ചു വരുകയാണ്.
അതു മറക്കരുത്
ബി എസ് സി വിദ്യാർത്ഥിനിയായ അര്‍ച്ചന ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്വമേധയാ കേസെടുത്ത വനിതാ കമ്മിഷന് സംഭവത്തെക്കുറിച്ചന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആലപ്പുഴ പോലീസ് സൂപ്രണ്ടിന് നിര്‍ദേശം നല്കി.
കമ്മിഷന് അംഗം എം.എസ്.താരയാണ് നിര്‍ദേശം നല്‍കിയത്. വിവാഹ വാഗ്ദാനം നല്കി പെണ്‍കുട്ടികളോട് പ്രണയം നടിക്കുകയും അവരെ ശാരീരികമായി ഉപയോഗിച്ചശേഷം വിവാഹംകഴിക്കാതെ പിന്മാറുകയും ചെയ്യുന്ന സംഭവം ആവര്‍ത്തിക്കുകയാണ്.
ഇത്തരം സംഭവങ്ങള്‍ വളരെ ഗൗരവതരമായാണ് കമ്മിഷന് കാണുന്നതെന്ന് അംഗം പറഞ്ഞു. കൊല്ലം കൊട്ടിയത്തും സമാനമായ രീതിയില്‍ റംസിയെന്ന പെണ്‍കുട്ടിയും ആത്മഹത്യചെയ്യുകയുണ്ടായി.
ആണ്‍പെണ്‍ സൗഹൃദങ്ങളില്‍ പ്രണയം ഉണ്ടാകുന്നത് സ്വാഭാവികമാണെങ്കിലും അത് ചൂഷണമായി മാറാതിരിക്കാനുള്ള സാമൂഹിക ഉത്തരവാദിത്തം ഇത്തരം സൗഹൃദങ്ങളില്‍പ്പെടുന്നവര്‍ മറക്കരുതെന്നും കമ്മിഷന് അംഗം എം.എസ്.താര പറഞ്ഞു.