നേമം:നാലുവർഷം മുന്‍പു നടന്ന അപകടത്തിൽ അരയ്ക്കു താഴെ ചലനശേഷി നഷ്ടപ്പെട്ട ദീപുവിന് പ്രണയിച്ച പെണ്‍കുട്ടി തന്നെ ജീവിതസഖിയായി. നേമം ഇടയ്ക്കോട് താന്നിക്കവിള ദിവ്യഭവനത്തിൽ ജയചന്ദ്രകുമാറിന്റെയും ജയകുമാരിയുടെയും മകനായ ദീപുവും മാരായമുട്ടം സ്വദേശിനി അർച്ചനയും തമ്മിൽ കാഞ്ഞിരംകുളം കെ.എൻ.എം. കോളജിൽ ഡിഗ്രിക്ക് പഠിക്കുന്പോഴാണ് പ്രണയം തുടങ്ങിയത്.
കോളജ് ജീവിതം കഴിഞ്ഞ് ദീപു കണ്‍സ്യൂമർഫെഡിൽ ജോലിയിൽ പ്രവേശിച്ചു. ഇതിനിടയിൽ വെള്ളായണി കായലിൽ കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ട് നട്ടെല്ലിനു ക്ഷതമേറ്റ് ദീപുവിന് അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ടു. പിന്നീട് ദീപുവിന്റെ ജീവിതം വീൽചെയറിലായി.
അപകടത്തിനുശേഷം ദീപു പലവട്ടം അർച്ചനയോട് ഈ ബന്ധം ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അർച്ചന അത് നിരസിക്കുകയായിരുന്നു. അർച്ചനയുടെ ഇഷ്ടത്തിന് മുന്നിൽ ബന്ധുക്കളും വഴങ്ങിയതോടെ വിവാഹം നടക്കുകയായിരുന്നു. ഒരു വർഷം മുന്‍പ് ജോലി ലഭിച്ച അർച്ചന മേനംകുളം വനിതാ പോലീസ് ക്യാന്പിലാണ് ജോലി ചെയ്യുന്നത്. ഇന്നലെ രാവിലെ ശംഖുംമുഖം ദേവീക്ഷേത്രത്തിൽ വീൽചെയറിലിരുന്ന് ദീപു അർച്ചനയുടെ കഴുത്തിൽ താലി കെട്ടി .