നീലത്താമരയിലൂടെ വെള്ളിത്തിരയിലെത്തി മലയാളികൾക്കു പ്രിയങ്കരിയായി മാറിയ നടിയാണ് അർച്ചന കവി.
വിവാഹത്തോടെ അഭിനയത്തിൽ ഇടവേള എടുത്ത താരം ടെലിവിഷൻ പരമ്പരയിലൂടെ ഗംഭീര തിരിച്ചു വരവ് നടത്തി. ഇപ്പോഴിതാ തന്റെ വിവാഹ മോചനവും മാനസിക പ്രശ്നങ്ങളും താരം ഒരു അഭിമുഖത്തിൽ പങ്കുവയ്ക്കുന്നു.
വിവാഹശേഷം മുംബൈയിലായിരുന്നു. അച്ഛനെയും അമ്മയെയും കാണാൻ ഡൽഹിയിലെത്തിയ സമയത്ത് അമ്മ റോസമ്മയോടൊപ്പം പള്ളിയിൽ പോയി.
കുർബാന നടക്കുന്നതിനിടയ്ക്കു വലിയ സങ്കടം വരാൻ തുടങ്ങി. ഏറ്റവും വേണ്ടപ്പെട്ട ഒരാൾ മരിച്ചാൽ തോന്നുന്നത്ര സങ്കടം.
അന്നു വീട്ടിലെത്തിയ ശേഷം ദിവസം മുഴുവൻ നിർത്താതെ കരഞ്ഞു. അന്നു തോന്നി ഈ അവസ്ഥ എങ്ങനെയെങ്കിലും അവസാനിപ്പിക്കണം.
അമ്മ എന്നെ ഗൈനക്കോളജിസ്റ്റിന്റെ അടുത്തു കൊണ്ടുപോയി. ഒരു കുഞ്ഞുണ്ടായാൽ തീരാവുന്ന പ്രശ്നമേയുള്ളൂ എന്നാണ് അവർ പറഞ്ഞത്.
ഭർത്താവ് അബീഷ് മാത്യുവുമായി ചേർന്നു പോകാൻ പറ്റുന്നില്ല എന്നു തിരിച്ചറിഞ്ഞ സമയം കൂടിയായിരുന്നു അത്.
ഇപ്പോൾ കുഞ്ഞല്ല സൈക്യാട്രിസ്റ്റിന്റെ സഹായമാണു വേണ്ടത് എന്നു ഞാൻ പറഞ്ഞു. അങ്ങനെയാണ് പിഎംഡിഡി ആണു പ്രശ്നമെന്നും മരുന്നു കഴിക്കേണ്ടി വരുമെന്നും തിരിച്ചറിഞ്ഞത്.
ഏകദേശം രണ്ടു വർഷമെടുത്തു എനിക്കെന്നെ തിരികെ പിടിക്കാൻ. പഴയ സന്തോഷവതിയായ അർച്ചനയെ തിരികെ കിട്ടുമെന്നു ഞാൻ ഒട്ടും പ്രതീക്ഷിച്ചതല്ല- അർച്ചന പറഞ്ഞു