കൊച്ചി: പോലീസിൽനിന്ന് മോശം പെരുമാറ്റം ഉണ്ടായെന്ന നടി അർച്ചനാ കവിയുടെ വെളിപ്പെടുത്തൽ സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ ഇന്ന് സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറും.
സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഫോർട്ട് കൊച്ചി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു.
മോശം പെരുമാറ്റം സംഭവിച്ചിട്ടില്ലെന്നും വാഹന പരിശോധനയുടെ ഭാഗമായുള്ള കാര്യങ്ങൾ മാത്രമാണ് നടന്നതെന്നുമാണ് ഉദ്യോഗസ്ഥരുടെ മൊഴി.
സംഭവദിവസം നടി സഞ്ചരിച്ചിരുന്ന ഓട്ടോ ഡ്രൈവറുടെ മൊഴി പോലീസ് രേഖപ്പെടുത്തും. നടി പരാതി നൽകിയില്ലെങ്കിലും പോലീസ് സ്വമേധയാ അന്വേഷണം നടത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം കുടുംബത്തിനും സുഹൃത്തിനുമൊപ്പം രാത്രിയിൽ ഓട്ടോയിൽ ഫോർട്ടുകൊച്ചിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ പോലീസിൽനിന്ന് മോശം അനുഭവമുണ്ടായതായി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ് നടി വ്യക്തമാക്കിയത്.
ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ എന്ന തലക്കെട്ടോടെ കേരള പോലീസ്, ഫോർട്ടുകൊച്ചി എന്നീ ഹാഷ് ടാഗുകൾക്കൊപ്പമാണ് നടി കുറിപ്പ് പങ്കുവച്ചത്.
ജെസ്നയും ഞാനും അവളുടെ കുടുംബവും മിലാനോയിൽനിന്ന് തിരിച്ചുവരികയായിരുന്നു. ചില പോലീസ് ഉദ്യോഗസ്ഥർ ഞങ്ങളെ നിർത്തി ചോദ്യംചെയ്തു.
ഓട്ടോയിൽ യാത്ര ചെയ്തിരുന്ന ഞങ്ങളെല്ലാം സ്ത്രീകളായിരുന്നു. അവർ പരുക്കൻ ഭാഷയിലാണ് പെരുമാറിയത്.ഞങ്ങൾക്കത് ഒട്ടും സുരക്ഷിതമായി തോന്നിയില്ല.
വീട്ടിൽ പോവുകയാണെന്ന് പറഞ്ഞപ്പോൾ, എന്തിനാണ് വീട്ടിൽ പോകുന്നത് എന്നാണ് അവർ ചോദിച്ചത്. ചോദ്യം ചെയ്യുന്നതിൽ എനിക്ക് പ്രശ്നമൊന്നുമില്ല.
എന്നാൽ, അതിന് ഒരു രീതിയുണ്ട്. ഇത് വളരെ അധികം അസ്വസ്ഥതപ്പെടുത്തുന്നതാണെന്നും കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
ഇത് വൈറലായതിന് പിന്നാലെ പോലീസിനെതിരേ രൂക്ഷവിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് നടി നേരിട്ട് പരാതി നൽകിയിട്ടില്ലെങ്കിലും പോലീസ് അന്വേഷണം നടത്തിയത്.