ഈ വാര്‍ത്തകളെല്ലാം പച്ചക്കള്ളം! എന്നെയാരും അറസ്റ്റ് ചെയ്തിട്ടില്ല, ഞാനെന്റെ വീട്ടില്‍ സുഖമായിരിക്കുന്നു; പ്രചരണങ്ങള്‍ക്ക് മറുപടിയുമായി നടി അര്‍ച്ചന സുശീലന്‍

archana-susheelanജയില്‍ ഡിഐജിയ്ക്കൊപ്പം ഔദ്യോഗിക വാഹനത്തില്‍  പത്തനംതിട്ടയിലൂടെ കറങ്ങിയെന്ന ആരോപണത്തെത്തുടര്‍ന്ന് വിവാദത്തിലായ പ്രമുഖ സീരിയല്‍ നടി അര്‍ച്ചനാ സുശീലന്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി വീണ്ടും രംഗത്ത്. ഡിഐജിയുടെ കൂടെ കാറില്‍ യാത്ര ചെയ്തതിന്റെ പേരില്‍ തന്നെ അറസ്റ്റ് ചെയ്തെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായാണ് അര്‍ച്ചന എത്തിയത്. തന്നെയാരും അറസ്റ്റ് ചെയ്തിട്ടില്ലെന്നും താന്‍ സ്വന്തം വീട്ടില്‍ അച്ഛനും സഹോദരിക്കുമൊപ്പം ഉണ്ടെന്നും ഫേസ്ബുക്ക് ലൈവിലൂടെ അര്‍ച്ചന വ്യക്തമാക്കി. എന്തിനാണ് ഇത്തരത്തില്‍ വ്യാജപ്രചരണങ്ങള്‍ നടത്തുന്നതെന്ന് തനിക്കറിയില്ലെന്നും വാര്‍ത്തകളില്‍ യാതൊരു വിധത്തിലുമുള്ള വാസ്തവുമില്ലെന്നും അര്‍ച്ചന പറയുന്നു. ഒരു നടിയെന്ന തരത്തില്‍ പരിപാടിക്ക് ക്ഷണിക്കപ്പെട്ടതു കൊണ്ടാണ് താന്‍ പോയത്. തന്റെ കൂടെ അച്ഛനും അമ്മയും ഉണ്ടായിരുന്നു. പോലീസില്‍ കമാന്റന്റ് ആയിരുന്ന തന്റെ പിതാവിന്റെ സുഹൃത്താണ് ഡിഐജി. പരിപാടി കഴിഞ്ഞപ്പോള്‍ തങ്ങളെ കാറില്‍ കൊണ്ടുവിടാമെന്ന് അദ്ദേഹം പറയുകയായിരുന്നു.

എന്നാല്‍ ഇതിനെ ചിലര്‍ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുകയാണുണ്ടായത്. ഇതിനു മുന്‍പും തനിക്കെതിരെ ഇത്തരത്തില്‍ പ്രചരണങ്ങള്‍ ഉണ്ടായിരുന്നു. കൊച്ചിയില്‍ വെച്ച് ഒരു പെണ്‍കുട്ടി അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ അത് താനാണെന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരിന്നു. പല സാഹചര്യങ്ങളിലും തന്റെ പേര് വലിച്ചിഴച്ചതായി കണ്ടു. എന്നാല്‍ അന്നൊന്നും പ്രേക്ഷകരോട് ഇത്തരത്തില്‍ സംവദിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇനി മിണ്ടാതിരിക്കാനാവില്ല. തന്നെയാരും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് തെളിയിക്കാനാണ് ഇത്തരത്തില്‍ ഒരു ലൈവ് വീഡിയോയുമായി വരുന്നതെന്നും അര്‍ച്ചന പറയുന്നു. ഡിഐജിയുടെ കാറില്‍ യാത്രയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ തന്നെ വിശദീകരണവുമായി അര്‍ച്ചന ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. കുടുംബത്തോടൊപ്പം ഡിഐജിക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് വിശദീകരണവുമായി അര്‍ച്ചന രംഗത്തെത്തിയത്. തുടര്‍ന്നും വിവാദങ്ങള്‍ കെട്ടടങ്ങാത്ത സാഹചര്യത്തിലാണ് സത്യാവസ്ഥ വെളിപ്പെടുത്താനുള്ള ശ്രമവുമായി അര്‍ച്ചന വീണ്ടുമെത്തിയത്.

Related posts