ഒഡീഷയിലെ ഉന്നത രാഷ്ട്രീയ നേതാക്കളടക്കമുള്ളവരെ ഹണിട്രാപ്പില് കുടുക്കി അര്ച്ചന നാഗ് എന്ന യുവതി പണം തട്ടിയ കേസില് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഇടപെടുന്നതായി വിവരം.
കേസിലെ സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി. അന്വേഷിക്കുക. അര്ച്ചനയുടെ അറസ്റ്റിലേയ്ക്ക് നയിച്ച കേസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്ട്ടിന്റെ പകര്പ്പ് ഇ.ഡി. ആവശ്യപ്പെട്ടതായി ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന് ടൈംസ് റിപ്പോര്ട്ട് ചെയ്തു.
പ്രതിപക്ഷപാര്ട്ടികള് കേസില് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കേന്ദ്ര ഏജന്സിയുടെ നടപടി.
കേസിലെ സാമ്പത്തിക ഇടപാടുകളും സാമ്പത്തിക ക്രമക്കേടുകളും പോലീസിന് അന്വേഷിക്കാനാകില്ലെന്ന് കമ്മിഷണര് പറഞ്ഞു.
സ്വകാര്യ വ്യക്തികള് ഉള്പ്പെട്ടിരിക്കുന്നതിനാല് തന്നെ ഇ.ഡിയോ ആദായനികുതി വകുപ്പോ കേസില് ഇടപെടേണ്ടിവരും.
അര്ച്ചനയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള് തേടി റിസര്വ് ബാങ്കിന് നേരത്തെ കത്തെഴുതിയിരുന്നതായും കമ്മിഷണര് സൗമേന്ദ്ര പ്രിയദര്ശനി കൂട്ടിച്ചേര്ത്തു.
2018 മുതല് 2022 വരെയുള്ള കാലയളവില് അര്ച്ചനയും ഭര്ത്താവും 30 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
അര്ച്ചനയുടെ ഭര്ത്താവ് ജഗബന്ധു ചന്ദ് അടക്കം ഉള്പ്പെട്ട വന് സംഘമാണ് അര്ച്ചനയെ മുന്നിര്ത്തി ഹണിട്രാപ്പ് ഓപ്പറേഷനുകള് നടത്തിയിരുന്നതെന്നാണ് പോലീസ് കണ്ടെത്തിയത്.
ഒട്ടേറെ യുവതികളും ഇവരുടെ സംഘത്തിലുണ്ടായിരുന്നു. യുവതികളെ ഉപയോഗിച്ച് ഉന്നതരുമായി സാമൂഹികമാധ്യമങ്ങളിലൂടെ പരിചയം സ്ഥാപിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നതെന്നും പോലീസ് വൃത്തങ്ങള് പറഞ്ഞിരുന്നു.
രാഷ്ട്രീയ നേതാക്കള് ഉള്പ്പെടെ സമൂഹത്തില് ഉന്നതരായ പലരില്നിന്നും അര്ച്ചനയും സംഘവും പണം തട്ടിയിട്ടുണ്ടെന്നാണ് വിവരം.
ഒഡീഷയിലെ ഒരു സിനിമാ നിര്മാതാവിനെ ഹണിട്രാപ്പില് കുരുക്കിയ ശേഷം പണം കൈക്കലാക്കാനും ഇവര് ശ്രമിച്ചിരുന്നു.
ഒരു യുവതിക്കൊപ്പമുള്ള നിര്മാതാവിന്റെ സ്വകാര്യചിത്രങ്ങള് പ്രചരിപ്പിച്ചാണ് പണം തട്ടാന് ശ്രമിച്ചത്. സ്ത്രീകളുമൊത്തുള്ള ചിത്രം കാണിച്ച് ഒരു ബിസിനസുകാരനെ ബ്ലാക്മെയില് ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു.
ചിത്രം പ്രചരിപ്പിക്കാതിരിക്കാന് മൂന്ന് കോടി രൂപയാണ് അര്ച്ചന ആവശ്യപ്പെട്ടത്. എന്നാല് തുക നല്കാന് തയ്യാറാകാതെ വ്യവസായി പോലീസില് പരാതി നല്കുകയായിരുന്നു.