മീടു ആരോപണങ്ങള്‍ ഉയരുന്നതിനിടെ പ്രൊഡക്ഷന്‍ അസിസ്റ്റന്റ് ഷെറിന് സ്റ്റാന്‍ലിക്കെതിരായ നടി അര്‍ച്ചന പത്മിനിയുടെ ആരോപണം ശരിവച്ചുകൊണ്ടുള്ള ഫെഫ്ക പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയന് വാട്സാപ് ഗ്രൂപ്പിലെ ശബ്ദ സന്ദേശങ്ങള്‍ പുറത്ത്. പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ബാദുഷയുടെ കീഴിലാണു വര്‍ഷങ്ങളായി ഷെറിന് സ്റ്റാന്‍ലി പ്രവര്‍ത്തിക്കുന്നത്.
‘പുള്ളിക്കാരന് സ്റ്റാറാ’ സിനിമയുടെ സെറ്റില്‍ ഷെറിന് അങ്ങനെയൊരു അബദ്ധം പറ്റിയിരുന്നതായി പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷ ശബ്ദ സന്ദേശത്തില്‍ വ്യക്തമാക്കുന്നു. ഷെറിന് ഇപ്പോഴും തനിക്കൊപ്പം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതിനകം ശിക്ഷ അനുഭവിച്ചു കഴിഞ്ഞ അയാളെ രക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍ ആലോചിക്കണമെന്നും ബാദുഷ പറയുന്നു.
കൈപ്പിഴ പറ്റിയ ആളെ സംരക്ഷിക്കാനാണു നോക്കേണ്ടതെന്നും നമ്മുടെ ആള്‍ക്കാള്‍ ഒറ്റക്കെട്ടായി കൂടെ നിന്നില്ലെങ്കില്‍ നാളെ പല പ്രശ്നങ്ങള്‍ ഉണ്ടാവുമെന്നുമാണ് അഭിഭാഷകനായ അംഗത്തിന്റെ വാദം. ഷെറിനെതിരായ പരാതിയെക്കുറിച്ചും അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചതു സംബന്ധിച്ചും ഫെഫ്ക നേതൃത്വം യൂണിയനെ അറിയിച്ചിട്ടില്ലെന്നു സെക്രട്ടറി സെവന് ആര്‍ട്സ് മോഹന്‍ വ്യക്തമാക്കുന്നത്.
അതേസമയം ഷൂട്ടിങ് സെറ്റില്‍ തന്നോടു മോശമായി പെരുമാറിയ പ്രൊഡക്ഷന്‍ അസിസ്റ്റന്റ് ഷെറിന് സ്റ്റാന്‍ലിക്കെതിരായ നടപടിയുടെ കാര്യത്തില്‍ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘനയായ ഫെഫ്ക തന്നെ തെറ്റിദ്ധരിപ്പിച്ചെന്നു നടി അര്‍ച്ചന പത്മിനി ആരോപിച്ചു. ഷെറിനെതിരെ പരാതി കിട്ടിയപ്പോള്‍ അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് വിശദീകരിച്ചിരുന്നു. എന്നാല്‍ അയാള്‍ അന്നും ഇന്നും സിനിമയില്‍ സജീവമാണ്. അര്‍ച്ചന പറഞ്ഞു.