കായംകുളം: ആറാട്ടുപുഴ പെരുന്പള്ളിയിൽ ബിഎസ്സി നഴ്സിംഗ് വിദ്യാർഥിനി അർച്ചന മരിക്കാനിടയായ സംഭവത്തിൽ കാമുകനായ യുവാവിനെ രക്ഷിക്കാൻ നീക്കം നടക്കുന്നതായും പോലീസ് അന്വേഷണം തൃപ്തികരമല്ലന്നും അർച്ചനയുടെ ബന്ധുക്കൾ ദീപികയോട് പറഞ്ഞു.
കണ്ടല്ലൂർ പട്ടോളി മാർക്കറ്റിലെ വീട്ടിലെത്തി കഴിഞ്ഞ ദിവസം യുവാവിനെ പോലീസ് ചോദ്യം ചെയ്യുകയും മൊഴിയെടുക്കുകയും ചെയ്തിരുന്നു.
എന്നാൽ, ഇയാൾക്കെതിരേ പോലീസ് കേസെടുത്തില്ല. മൊഴി പരിശോധിച്ചുവരികയാണെന്നാണ് പോലീസ് പറയുന്നത്. ഇതുവരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കേസെടുക്കാൻ തക്കതായ തെളിവുകൾ ലഭിച്ചില്ലെന്നാണ് പോലീസ് പറയുന്നത്.
എന്നാൽ ആത്മഹത്യാ കുറിപ്പിലും വാട്സ് ആപ് ശബ്ദ സന്ദേശങ്ങളിലും മരണത്തിന് ഉത്തരവാദി യുവാവാണെന്ന് വ്യക്തമാകുന്ന തെളിവുണ്ടെന്നും കേസെടുക്കാത്തത് യുവാവിനെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
അതിനാൽ മുഖ്യമന്ത്രിക്ക് പരാതി നൽകാനുള്ള നീക്കത്തിലാണ് അർച്ചനയുടെ ബന്ധുക്കൾ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അർച്ചനയുടെ വീട്ടിൽ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.