കൂത്തുപറമ്പ്: നിസാരമായൊരു സംഭവം മതി ചിലരുടെ ജീവിതംതന്നെ വഴിമാറാൻ. കിണറ്റിൽ വീണ വളർത്തുപൂച്ചയെ രക്ഷപ്പെടുത്താൻ 24 കോൽ ആഴമുള്ള കിണറിൽ ഇറങ്ങി സാഹസം കാട്ടിയ കണ്ണവം വെങ്ങളം കോളനിയിലെ പി.അർച്ചന കൃഷ്ണൻ ഇപ്പോൾ നാട്ടിലെ താരമായിരിക്കുകയാണ്.
വെള്ളിയാഴ്ച രാവിലെയായിരുന്നു വീട്ടുകിണറ്റിൽ വീണ വളർത്തുപൂച്ചയെ രക്ഷപ്പെടുത്താൻ 19 കാരിയായ അർച്ചന കയറിന്റെ സഹായത്തോടെ കിണറ്റിൽ ഇറങ്ങിയത്. പൂച്ചയെ രക്ഷപ്പെടുത്തിയെങ്കിലും കൽപ്പടവുകളിലെ വഴുക്കൽ കാരണം കരയ്ക്കു കയറാനായില്ല.
ഒടുവിൽ അഗ്നിരക്ഷാസേനയുടെ സഹായത്തോടെയാണ് അർച്ചനയെ കിണറിനു പുറത്തെത്തിച്ചത്. ആഴമുള്ള കിണറ്റിലിറങ്ങാൻ സാഹസം കാട്ടിയ അർച്ചനയെ അഗ്നിരക്ഷാസേന അഭിനന്ദിച്ചു.
സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന ഓഫീസർ പി.ഷനിത്ത് അർച്ചനയെ അഗ്നിരക്ഷാസേനയുടെ സന്നദ്ധസേനാവിഭാഗമായ സിവിൽ ഡിഫൻസ് അംഗമാക്കാമെന്ന് അറിയിക്കുകയും ചെയ്തു.
അർച്ചനയുടെ സാഹസികത സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ കൂത്തുപറമ്പിലെ പിഎസ്സി കോച്ചിംഗ് സെന്ററിൽനിന്ന് അധികൃതർ അർച്ചനയെ തേടിയെത്തി.
സാഹസികതയും ധൈര്യവുമുള്ള പെൺകുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പോലീസ്, ഫയർഫോഴ്സ് തുടങ്ങിയ മത്സര പരീക്ഷയിൽ സൗജന്യ പരിശീലനം നൽകാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.
വളർത്തുപൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിൽ കിണറിന്റെ ആഴങ്ങളിൽ ഇറങ്ങുന്പോൾ തന്റെ മുന്നിലുള്ള അപകടങ്ങൾ പോലും അവഗണിച്ച പെൺകുട്ടിയെ നാട്ടുകാരും അഭിനന്ദിച്ചു. സൗജന്യ പിഎസ്സി പരിശീലനം അംഗീകാരമായി കാണുകയാണ് ഈ മിടുക്കി.