കുട്ടികള്‍ക്ക് സമ്മാനം നല്കാന് ക്രിസ്മസ് രാത്രിയില്‍ സാന്തക്ലോസ് എത്തുമെന്നും സമ്മാനങ്ങള്‍ വീടിനുള്ളില്‍ വച്ചശേഷം സാന്ത പോകുമെന്നും ഐതീഹ്യം… ഓസ്ട്രേലിയക്കാരനായ ആര്‍ച്ചി ഷില്ലെര്‍ എന്ന ഏഴു വയസുകാരനു ലഭിച്ചു ഒരു ക്രിസ്മസ് സമ്മാനം, അതും ക്രിസ്മസ് രാത്രിക്കു മുമ്പുതന്നെ. ഷില്ലറിനു ലഭിച്ച ക്രിസ്മസ് സമ്മാനം ചരിത്രത്തില്‍ ഇടംപിടിച്ചു.
കാരണം, ഷില്ലര്‍ക്കു ലഭിച്ച ആ സമ്മാനം വ്യത്യസ്തമായിരുന്നു. ഇന്ത്യക്കെതിരേ ബുധനാഴ്ച മെല്‍ബണില്‍ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റ് കിക്കറ്റിനുള്ള ഓസ്ട്രേലിയന്‍ 15 അംഗ ടീമില്‍ ഇടംലഭിച്ചതാണ് ഷില്ലെറിനു ലഭിച്ച ക്രിസ്മസ് സമ്മാനം. ടീമില്‍ വെറും അംഗമായല്ല വൈസ് ക്യാപ്റ്റന്‍ കൂടിയായാണ് ഷില്ലെറിനെ തെരഞ്ഞെടുത്തത്. അപൂര്‍വ ഹൃദ്രോഗമുള്ള കുഞ്ഞു ഷില്ലെറുടെ സ്വപ്ന സാഫല്യത്തിനു വഴിതെളിച്ചത് മെയ്ക്ക് എ വിഷ് ഓസ്ട്രേലിയ ഫൗണ്ടേഷനാണ്. രോഗപീഡ അനുഭവിക്കുന്ന കുട്ടികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയാണ് മെയ്ക്ക് എ വിഷ് ഓസ്ട്രേലിയ.
ഷില്ലെറുടെ സ്വപ്നം
ക്രിസ്മസിന്റെ പിറ്റേന്ന് ആരംഭിക്കുന്ന ബോക്സിംഗ് ഡേ ടെസ്റ്റില്‍ ആതിഥേയര്‍ക്കൊപ്പം പതിനഞ്ചാമനായി ലെഗ് സ്പിന്നറായ ഷില്ലെറുമുണ്ടാകും. ക്രിക്കറ്റിനെ അതിയായി ഇഷ്ടപ്പെട്ടിരുന്ന കുഞ്ഞ് ഷില്ലെറുടെ മോഹങ്ങള്‍ക്ക് തടസം അപൂര്‍വമായ ഹൃദ്രോഗമായിരുന്നു. ജനിച്ച് മൂന്നാം മാസത്തിലാണ് ഷില്ലെറുടെ ഹൃദയത്തിനും വാല്‍വിനും സാരമായ തകരാറുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്.
ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിക്കടക്കം വിധേയനായ ഈ ഏഴു വയസുകാരന് ഇപ്പോള്‍ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള തയാറെടുപ്പിലാണ്. ഇതിനിടെ ഷില്ലെറുടെ ക്രിക്കറ്റ് സ്നേഹം അറിഞ്ഞ ഓസീസ് പരിശീലകന് ജസ്റ്റിന് ലാംഗര്‍ അവന്റെ മാതാപിതാക്കളെ ബന്ധപ്പെടുകയും ടീമിനൊപ്പം കൂട്ടുകയുമായിരുന്നു.
‘കോഹ്ലിയുടെ കാര്യം ഞാന്‍ നോക്കിക്കൊള്ളാം’
സ്പിന്നര്‍ നഥാന്‍ ലിയോണിന്റെ കടുത്ത ആരാധകനാണ് ഷില്ലെര്‍. അഡ്ലെയ്ഡില് നടന്ന ആദ്യ ടെസ്റ്റിനിടെ ഓസീസ് ടീമിനൊപ്പം പരിശീലിക്കാനും ഷില്ലെര്‍ക്ക് അവസരം ലഭിച്ചു. ഒക്ടോബറില്‍ പാക്കിസ്ഥാനെതിരേ യുഎഇയില്‍ നടന്ന പരന്പരയ്ക്കിടെയാണ് ഓസ്ട്രേലിയ ഷില്ലെറെ ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് അറിയിച്ചത്.
ഓസീസിനെ നയിക്കാനാണ് തനിക്ക് താല്‍പ്പര്യമെന്ന് ഷില്ലെര്‍ പറഞ്ഞിരുന്നു. ഈ ആഗ്രഹമാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ഇപ്പോള്‍ സാധിച്ചുകൊടുക്കുന്നത്. അന്തിമ ഇലവനില്‍ ഉള്‍പ്പെട്ടാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ കാര്യം താന്‍ നോക്കിക്കൊള്ളാമെന്നാണ് ലിയോണിനോട് ഷില്ലെര്‍ പറഞ്ഞിരിക്കുന്നത്. പരന്പര 1-1 സമനിലയിലാണ്. മൂന്നാം ടെസ്റ്റില്‍ ജയിച്ച് ലീഡ് സ്വന്തമാക്കുകയാണ് ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും ലക്ഷ്യം.