ബെർലിൻ: 2023 ബെർലിൻ ലോക അമ്പെയ്ത്ത് ചാന്പ്യൻഷിപ്പിൽ ഉന്നം തെറ്റാതെ ഇന്ത്യ. ചരിത്രത്തിലാദ്യമായി ടീം ഇനത്തിലും വ്യക്തിഗത ഇനത്തിലും ലോക ചാന്പ്യൻഷിപ്പിൽ സ്വർണം നേടി ഇന്ത്യൻ വനിതാ താരങ്ങൾ അഭിമാനമായി.
ഇതിനു പിന്നാലെ ലോക ചാന്പ്യൻഷിപ്പിൽ ഇന്ത്യക്കായി സ്വർണം നേടുന്ന ആദ്യ പുരുഷ താരമെന്ന നേട്ടത്തിലേക്ക് ഓജസ് പ്രവീണ്‍ ഡോട്ട്ലെയുമെത്തി. പുരുഷവിഭാഗം വ്യക്തിഗത കോന്പൗട്ട് അന്പെയ്ത്തിലാണ് ഓജസ് പ്രവീണ്‍ സ്വർണം എയ്തു നേടിയത്.
നേരത്തേ വനിതാ സിംഗിൾസിൽ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാന്പ്യൻ എന്ന നേട്ടത്തോടെ പതിനേഴുകാരിയായ അദിതി ഗോപീചന്ദ് സ്വാമിയും വനിതാ ടീം ഇനത്തിൽ അദിതി ഗോപീചന്ദ്, പർണീത് കൗർ, ജ്യോതി സുരേഖ വെന്നം എന്നിവരുടെ ടീമും സ്വർണം നേടിയിരുന്നു.
ഇതോടെ മൂന്ന് സ്വർണവും ഒരു വെങ്കലവും ഉൾപ്പെടെ നാല് മെഡലുമായി ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. രണ്ട് സ്വർണവും ഒരു വെള്ളിയുമുള്ള ദക്ഷിണകൊറിയയാണ് രണ്ടാമത്.
ഓ… ഓജസ്!
പുരുഷ വ്യക്തിഗത ഫൈനലിൽ പോളണ്ടിന്റെ ലൂകാസ് പ്രസിബെൽസ്കിയെ തോൽപ്പിച്ചായിരുന്നു ഓജസ് പ്രവീണ്‍ ഡോട്ട്ലെ ലോകചാന്പ്യനായത്. പെർഫെക്ട് 150 സ്കോർ ചെയ്തായിരുന്നു ഓജസ് പ്രവീണിന്റെ ചരിത്രസ്വർണം.
പോളിഷ് താരവും ഒട്ടും മോശമാക്കിയില്ല. 149 പോയിന്റ് ലൂകാസും സ്കോർ ചെയ്തു. സെമിയിൽ ലോക ഒന്നാം നന്പർ താരമായ നെതർലൻഡ്സിന്റെ മൈക്ക് ഷ്ളോഷെറിനെ 149-148ന് അട്ടിമറിച്ചായിരുന്നു ഓജസ് പ്രവീണ്‍ ഫൈനലിലെത്തിയത്.
ചരിത്രനേട്ടം
ലോക ചാന്പ്യൻഷിപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച മെഡൽ വേട്ടയ്ക്കാണ് ബെർലിൻ സാക്ഷ്യം വഹിച്ചത്. കോന്പൗട്ട് ഇനത്തിൽ മൂന്ന് സ്വർണവും ഒരു വെള്ളിയും ഉൾപ്പെടെ നാല് മെഡലാണ് ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കിയത്. കോന്പൗട്ട് അന്പെയ്ത്ത് ഒളിന്പിക് മത്സര ഇനമല്ല.