ഷാങ്ഹായ്: ചൈനയിൽ നടക്കുന്ന അന്പെയ്ത്ത് ലോകകപ്പ് സ്റ്റേജ് വണ്‍ മത്സരത്തിൽ ചരിത്ര നേട്ടം കുറിച്ച് ഇന്ത്യയുടെ പുരുഷ ടീം. റികർവ് ടീം വിഭാഗത്തിൽ ഒളിന്പിക് ചാന്പ്യന്മാരും ഒന്നാം റാങ്കുകാരുമായ കൊറിയയെ 5-1ന് തോൽപ്പിച്ച് 14 വർഷത്തിനുശേഷം ആദ്യമായി സ്വർണമെഡൽ നേടി. തരുണ്‍ദീപ് റായി, ധീരജ് ബൊമ്മദേവര, പ്രവീണ്‍ ജാദവ് എന്നിവരടങ്ങിയ ടീമാണ് ശക്തരായ കൊറിയയെ തോൽപ്പിച്ചത്. ലോകകപ്പിൽ ആദ്യമായാണ് ഇന്ത്യൻ പുരുഷന്മാർ ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തുന്നത്.
വനിതകളുടെ റികർവ് വ്യക്തിഗത ഇനത്തിൽ ദീപിക കുമാരി വെള്ളി നേടി.ലോകകപ്പ് അന്പെയ്ത്തിൽ ഹാട്രിക് സ്വർണനേട്ടവുമായി ഇന്ത്യയുടെ ജ്യോതി സുരേഖ വെന്നം. കോന്പൗണ്ട് ആർച്ചറി വ്യക്തിഗത വിഭാഗത്തിലെ ഷൂട്ട് ഓഫിൽ ജ്യോതി മെക്സിക്കോയുടെ ആന്ദ്രെ ബെസേറയെ തോൽപ്പിച്ചാണ് മൂന്നാം സ്വർണമെഡൽ നേടിയത്.
ടീം ഇനത്തിൽ ജ്യോതി സുരേഖ, അതിഥി സ്വാമി, പരിണീതി കൗർ എന്നിവരടങ്ങിയ സംഘം സ്വർണം നേടി. മിക്സഡ് ടീമിനത്തിൽ ജ്യോതിയും അഭിഷേക് വർമയും ചേർന്ന സഖ്യവും സ്വർണം നേടിയതോടെ ജ്യോതി ഹാട്രിക് തികച്ചു. ദീപിക കുമാരിക്കുശേഷം അന്പെയ്ത്ത് ലോകകപ്പിൽ ഹാട്രിക് സ്വർണം നേടുന്ന ആദ്യത്തെയാളായി ജ്യോതി.