ന്യൂഡൽഹി: ആർട്ടിക്, അന്റാർട്ടിക്ക, ഹിമാലയം എന്നിവയെക്കുറിച്ചുള്ള ഗവേഷണത്തിലെ ഇന്ത്യയുടെ മുന്നേറ്റങ്ങൾ വൈകാതെ പാഠപുസ്തകങ്ങളിൽ ഇടംപിടിച്ചേക്കാം. ഈ മേഖലകളിലെ ഗവേഷണത്തിന്റെ പ്രാധാന്യം സിലബസിൽ ഉൾപ്പെടുത്താൻ നാഷണൽ കൗൺസിൽ ഫോർ എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗിനെ (എൻസിഇആർടി) സമീപിക്കാൻ കേന്ദ്ര ഭൗമശാസ്ത്രമന്ത്രാലയം.
അന്റാർട്ടിക്ക പര്യവേഷണത്തിന്റെയും ആർട്ടിക്കിന്റെയും ഹിമാലയത്തിന്റെയും കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുള്ള കണ്ടെത്തലുകൾ പാഠ്യവിഷയമാക്കുന്നതുമായി ബന്ധപ്പെട്ട് എൻസിഇആർടി അടുത്തിടെ കമ്മിറ്റി രൂപീകരിച്ചു. അന്റാർട്ടിക്ക പര്യവേഷണത്തെക്കുറിച്ച് എൻസിഇആർടി പാഠപുസ്തകങ്ങളിൽ പരാമർശമുണ്ട്, പക്ഷേ ഉള്ളടക്കം വളരെക്കാലമായി പുതുക്കിയിട്ടില്ല. ആർട്ടിക്, ഹിമാലയം മേഖലകളിൽ നടന്നുകൊണ്ടിരിക്കുന്ന ഗവേഷണങ്ങളെക്കുറിച്ച് വളരെ പരിമിതമായ പരാമർശമേ ഉള്ളൂ.
മേയ് 20 മുതൽ 30 വരെ കൊച്ചിയിൽ നടക്കുന്ന നിർണായക മീറ്റിംഗുകൾ ദക്ഷിണ ധ്രുവമേഖലയിൽ ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങൾ അവരുടെ ശാസ്ത്ര പ്രവർത്തനങ്ങളുടെ ഫലങ്ങളും ഭാവി പദ്ധതികളും പങ്കിടും.
മൈത്രി, ഭാരതി എന്നീ രണ്ടു സജീവ ഗവേഷണ കേന്ദ്രങ്ങളാണ് ഇന്ത്യയ്ക്ക് അന്റാർട്ടിക്കയിലുള്ളത്. 1983ൽ സ്ഥാപിച്ച ആദ്യത്തെ ഗവേഷണ കേന്ദ്രമായ ദക്ഷിണ ഗംഗോത്രി മഞ്ഞിലകപ്പെട്ടതിനെത്തുടർന്ന് ഉപേക്ഷിക്കേണ്ടിവന്നു.