സഹതാരങ്ങളും സംവിധായകരുമായി എല്ലാം അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണ് മമ്മൂട്ടി. കാണുന്പോൾ ഗൗരവക്കാരനാണെന്ന് തോന്നുമെങ്കിലും അദ്ദേഹത്തിന്റെ പെരുമാറ്റം വളരെ ലളിതമാണെന്ന് പറഞ്ഞ് ഒട്ടേറെ താരങ്ങൾ രംഗത്തു വന്നിട്ടുണ്ട്. മമ്മൂട്ടിയുടെ സഹോദരനായും സുഹൃത്തായും അഭിനയിച്ച് തിളങ്ങിയവരിലൊരാളാണ് ജയറാം.
മമ്മൂട്ടിയെക്കുറിച്ച് വാചാലനായ ജയറാമിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. അർഥം എന്ന സിനിമയ്ക്കിടയിലെ സംഭവങ്ങളെക്കുറിച്ചായിരുന്നു ജയറാം പറഞ്ഞത്.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന അർഥം എന്ന സിനിമയിലെ ഒരു രംഗം ഒരിക്കലും മറക്കാൻ കഴിയില്ല. തന്റെ കഥാപാത്രം റെയിൽവേ ട്രാക്കിൽ ആത്മഹത്യ ചെയ്യാൻ വരുന്പോൾ അവിടെ നിന്നു തന്നെ മമ്മുക്കയുടെ കഥാപാത്രം രക്ഷപ്പെടുത്തി മാറ്റുന്നതാണ് ഷൂട്ട് ചെയ്യേണ്ടത്. അതിനിടയിലെ സംഭവത്തെക്കുറിച്ചായിരുന്നു ജയറാം തുറന്നുപറഞ്ഞത്.
കൊല്ലം -കൊട്ടാരക്കര- ചെങ്കോട്ട റൂട്ടിൽ ഓടുന്ന ട്രെയിന് മുന്നിലായിരുന്നു എന്നെയും കൊണ്ടുള്ള മമ്മുക്കയുടെ സാഹസിക പ്രകടനം. വളരെ റിസ്ക് എടുത്തു ചിത്രീകരിച്ച രംഗമാണത്. ആ സീൻ ചെയ്യും മുന്പു മമ്മുക്ക വല്ലാതെ ടെൻഷനായി. രാത്രിയായതിനാൽ ട്രെയിന്റെ മുന്നിലെ ലൈറ്റ് മാത്രമേ വ്യക്തമായി തെളിയൂ.
ട്രെയിൻ കാണാൻ പറ്റില്ല എന്നതിനാൽ തന്നെ അത്ര റിസ്ക്കിൽ ചെയ്ത സീനായിരുന്നു അത്. ട്രെയിനിനു മുന്നിൽ ചാടാൻ നിൽക്കുന്ന എന്നെ പിടിച്ചു മാറ്റാൻ റെഡിയായി നിൽക്കുന്ന മമ്മുക്കയുടെ കൈകൾ വിറയ്ക്കുന്നത് ഞാൻ ശ്രദ്ധിച്ചു.
എന്തായാലും ട്രെയിൻ അടുത്തെത്തിയപ്പോൾ തന്നെ മമ്മുക്ക കറക്ട് ടൈമിംഗിൽ എന്നെ പിടിച്ചു മാറ്റി. അതിനു ശേഷം മമ്മുക്ക കൊച്ചു കുട്ടിയെപ്പോലെ മാറിനിന്ന് കരയുന്നതാണ് ഞാൻ കണ്ടത്.
പുറമെ പരുക്കനാണെങ്കിലും ഉള്ളിൽ കൊച്ചു കുട്ടിയുടേത് പോലെയുള്ള മനസാണ് മമ്മുക്കയ്ക്കെന്നു അന്നാണ് എനിക്ക് മനസിലായത്-ജയറാം പറഞ്ഞു. -പിജി