പേരൂർക്കട: ആഹാരം കഴിക്കുന്നതിനിടെ മുള്ള് തൊണ്ടയിൽ കുടുങ്ങി ഗുരുതരാവസ്ഥയിലായ മൂന്നു വയസുകാരി അപകടനില തരണം ചെയ്തു.
കിണവൂർ വാർഡിൽ അഞ്ചുമുക്ക് വയൽ സ്വദേശി ശരണ്യയുടെ മകൾ മൂന്നു വയസുകാരി ആദ്രജയാണ് അപകടാവസ്ഥയിലായത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനിടെ ആണ് വലിയ മുള്ള് തൊണ്ടയിൽ കുടുങ്ങിയത്. വീട്ടുകാർ പരമാവധി ശ്രമിച്ചിട്ടും തൊണ്ടയിൽ നിന്നും മുള്ള് എടുക്കാൻ സാധിച്ചില്ല.
ഒടുവിൽ വാർഡ് കൗൺസിലർ ആർ. സുരകുമാരിയുടെ സഹായത്തോടെ ആംബുലൻസ് വരുത്തി കുട്ടിയെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഡോക്ടർമാർ കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങിയ മുള്ള് നീക്കം ചെയ്യുകയായിരുന്നു.
ഇന്നലെ വൈകുന്നേരം കുട്ടിയെ വീട്ടിൽ എത്തിച്ചുവെങ്കിലും തൊണ്ട മുറിഞ്ഞ അവസ്ഥയിലാണ്. പരിക്ക് ഭേദമാകാൻ ആശുപത്രി അധികൃതർ മരുന്ന് നൽകിയിട്ടുണ്ട്.