കാട്ടാക്കട: ചെറുമക്കളെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ച അമ്മയെ മകൻ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു.
സംഭവത്തിൽ മംഗലയ്ക്കൽ എസ്എസ് ഭവനിൽ വാടകയ്ക്ക് താമസിക്കുന്ന ഷിബു (49)വിനെ പോലീസ് പിടികൂടി.
വ്യാഴാഴ്ച രാത്രിയാണ് സംഭവം. മാതാവ് ഖദീജയെ(69)യാണ് ഷിബു തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചത്. 12, ഒമ്പതു വയസുള്ള പെൺകുട്ടികളെ ഇയാൾ പതിവായി ഉപദ്രവിക്കാറുണ്ട്.
സംഭവ ദിവസം ഇയാൾ വിദേശത്തുള്ള ഭാര്യയയെ ഫോണിൽ വിളിച്ചപ്പോൾ ഫോൺ എടുക്കാത്തതിനാൽ തർക്കത്തിലാവുകയും കുട്ടികൾക്ക് നേരെ തിരിയുകയുമായിരുന്നു.
ഈ സമയം ഖദീജ ഇടയ്ക്കുകയറി തടസം നിന്നതോടെ കൂടുതൽ പ്രകോപിതനായ ഷിബു ഇരുമ്പുകമ്പി കൊണ്ട് ഖദീജയെ തലയ്ക്കടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇയാളുടെ ശല്യം കാരണം ഖദീജ ചെറുമക്കളുമായി കുറച്ചുനാൾ ബന്ധുവീട്ടിൽ മാറിത്താമസിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് വീണ്ടും മംഗലയ്ക്കലെത്തിയത്.
തുടർന്നായിരുന്നു ആക്രമണം. ബഹളം കേട്ടെത്തിയവർ പോലീസിനെ അറിയിക്കുകയും ഖദീജയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
രാത്രിയോടെ ഷിബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
കാട്ടാക്കട പോലീസ്, ഫോറൻസിക് സംഘം എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. കുട്ടികളോട് വിവരങ്ങൾ ചോദിച്ച് മനസിലാക്കി.
കുട്ടികളുടെ മാതാവ് സംഭവം അറിഞ്ഞ് വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ഖദീജാ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.