നാഗ്പുർ: സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെയുടെ അമ്മയെ കബളിപ്പിച്ച് രണ്ടരക്കോടി രൂപ തട്ടിയെടുത്ത മേൽനോട്ടക്കാരൻ അറസ്റ്റിൽ.
ഒരു പതിറ്റാണ്ടിലേറെക്കാലം ബോബ്ഡെ കുടുംബത്തിന്റെ വിശ്വസ്തനായി ജോലി നോക്കുന്ന തപസ് ഘോഷ് (49) ആണ് പിടിയിലായത്. ഇയാളെ സാന്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന സംഘത്തിനു കൈമാറി.
സിവിൽ ലൈൻസിൽ ആകാശ്വാണി സ്ക്വയറിലുള്ള സീസണ്‍സ് ലോണ്‍ ബോബ്ഡെ കുടുംബത്തിന്േറതാണ്. എസ്.എ ബോബ്ഡെയുടെ അമ്മ മുക്ത ബോബ്ഡെയായിരുന്നു ലോണിന്റെ ഉടമ.
കല്യാണം, റിസപ്ഷനുകൾ തുടങ്ങിയ പരിപാടികൾക്ക് ഇവിടം വാടകയ്ക്കു നൽകാറുണ്ട്. ഘോഷിനെ 13 വർഷങ്ങൾക്കുമുൻപ് മുക്ത ബോബ്ഡെ ഇതിന്റെ കെയർടേക്കറായി നിയമിച്ചിരുന്നു.
മാസം 9,000 രൂപയായിരുന്നു ശന്പളം. ഇതുകൂടാതെ, ഓരോ ബുക്കിംഗിനും 2,500 രൂപയും ഇൻസെന്റീവായി നൽകി വന്നിരുന്നു.
എന്നാൽ, ഇവിടുത്തെ വരുമാന തുക പൂർണമായും തപസ് ഘോഷ് മുക്ത ബോബ്ഡെയ്ക്ക് നൽകിയിരുന്നില്ല. ചിലപ്പോഴൊക്കെ പണമടയ്ക്കാതെ വീഴ്ച വരുത്തുകയും ചെയ്തു. തുടർന്ന് മുക്ത ബോബ്ഡെ സാന്പത്തിക വഞ്ചനയ്ക്കു പരാതി നൽകി.
കഴിഞ്ഞ മൂന്നു വർഷത്തെ കണക്കെടുത്തപ്പോൾ 2.5 കോടി രൂപയുടെ തട്ടിപ്പ് ഘോഷ് നടത്തിയതായി കണ്ടെത്തി. തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ലോക്ഡൗണ്‍ സമയത്താണ് തട്ടിപ്പുവിവരം പുറത്തറിയുന്നത്. വിവാഹത്തിനും മറ്റുമായി ഇവിടം ബുക്ക് ചെയ്തിരുന്നവർ ബുക്കിംഗ് റദ്ദാക്കി കാശ് തിരികെ ചോദിച്ചു.
ഘോഷ് ഇതു മടക്കിനൽകിയില്ല. പലരും മുക്ത ബോബ്ഡെയോടു പരാതി പറഞ്ഞു. ഇതേത്തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ടരക്കോടിയോളം രൂപ ഘോഷ് കബളിപ്പിച്ചതായി വ്യക്തമായത്.