ആലുവ: പാമ്പാക്കുട അരീക്കൽ വെള്ളച്ചാട്ടത്തിൽ സ്ത്രീകളെ അപമാനിച്ച് സസ്പെൻഷനിലായ മൂവാറ്റുപുഴ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർക്ക് ആലുവയിലും ശിക്ഷാ നടപടി ലഭിച്ചതായി കണ്ടെത്തി.
നിരപരാധിയായ യുവാവിനെ മർദിച്ച് കള്ളക്കേസിൽ കുടുക്കിയെന്ന പരാതിയിലാണ് കേസ്.ആലുവ സ്റ്റേഷനിൽ ജോലി ചെയ്യുന്ന സമയത്ത് കോതമംഗലം വെട്ടുകുഴി അമ്പാട്ടുകുഴിയിൽ എ.എസ്. പരീദിനെതിരെ ആലുവ കോടതിയുടെ നിർദേശമനുസരിച്ച് 2013ൽ സിസി 1038/13 പ്രകാരമാണ് കേസെടുത്തത്.
ആലുവ കോടതിയിൽ ഫയൽ ചെയ്ത കേസിൽ വിചാരണ അടുത്തമാസം ആരംഭിക്കാനിരിക്കെയാണ് വീണ്ടും അറസ്റ്റിലാകുന്നത്.
2013 ജനുവരി നാലിനായിരുന്നു കള്ളക്കേസെടുക്കുന്നതിനാസ്പദമായ സംഭവം. ആലുവ എടയപ്പുറം കാട്ടുപറമ്പിൽ നൂഹിന്റെ മകൻ മുഹമ്മദ് ഫിറോസിനെതിരെയെടുത്ത കേസിൽ പരാതിക്കാരൻ പിന്നാലെ പോയത് വിനയായി.
ഈ കേസിൽ പരീദിനേയും പ്രമോദ് എന്ന മറ്റൊരു പോലീസുകാരനെയും ഇടുക്കിയിലേക്ക് സ്ഥലം മാറ്റി. പിന്നീട് സസ്പെൻഡും ചെയ്തു.
ട്രൈബ്യൂണലിനെ സമീപിച്ച് അനുകൂല ഉത്തരവ് നേടി ഇവർ കൊച്ചി സിറ്റി പോലീസിൽ പ്രവേശിച്ചു. തുടർന്ന് ഫിറോസ് മുഖ്യമന്ത്രിക്ക് പരാതി നൽകി.
ഇരുവരെയും വീണ്ടും സസ്പെൻഡ് ചെയ്തു. മാസങ്ങൾക്ക് ശേഷം ഇവരെ സർവീസിൽ തിരിച്ചെടുത്തു. അതിനു ശേഷമാണ് ഫിറോസ് കോടതിയെ സമീപിച്ചത്. ഇതിന്റെ വിചാരണ ആരംഭിക്കാനിരിക്കെയാണ് പുതിയ സംഭവ വികാസം.