കോട്ടയം: അരീപ്പറന്പിൽ പതിനഞ്ചുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രധാന തെളിവായ പ്രതിയുടെ മൊബൈൽ ഫോണിനായി ഇന്നും തെരച്ചിൽ തുടരുന്നു. പ്രതി മാലം കുഴിനാകത്തരത്തിൽ അജേഷിനെ (40) പോലീസ് കസ്റ്റഡിയിൽ വാങ്ങി ഇന്നലെയാണ് തെളിവെടുപ്പ് ആരംഭിച്ചത്.
കൊലയ്ക്കു ശേഷം പൊന്തക്കാട്ടിലേക്ക് ഫോണ്‍ എറിഞ്ഞു എന്നാണ് പ്രതിയുടെ മൊഴി. ഫോണ്‍ എറിഞ്ഞുവെന്നു പറയുന്ന കാട്ടിൽ ഇന്നലെ ഏറെ നേരം തെരച്ചിൽ നടത്തിയെങ്കിലും കണ്ടുകിട്ടിയില്ല. ഇന്നും തെരച്ചിൽ തുടരുകയാണ്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം അജേഷ് മദ്യപിച്ചതായി പോലീസിന് വിവരം ലഭിച്ചു.
ഒപ്പം മദ്യപിച്ചയാളെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മുഖേന ഫോണ്‍ കൈമാറിയിട്ടുണ്ടോ എന്നും സംശയിക്കുന്നു. സിംകാർഡ് ഭാഗികമായി നശിപ്പിച്ച നിലയിൽ പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രതി മദ്യപിക്കാൻ എത്തിയ സ്ഥലത്തും തെളിവെടുപ്പ് നടത്തും. കോട്ടയം ഈസ്റ്റ് സിഐ ടി.ആർ. ജിജു, അയർക്കുന്നം എസ്ഐ അനൂപ് ജോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.