കോട്ടയം: അരീപ്പറന്പിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്നു കുഴിച്ചു മൂടിയ നരാധമനെ വളരെ നൈസായി പിടികൂടി അകത്താക്കാൻ കഴിഞ്ഞത് പോലീസിന്റെ അന്വേഷണ മികവ് തന്നെ. പ്രതി രക്ഷപ്പെടാനുള്ള പഴുതടച്ചുള്ള അന്വേഷണമാണ് കൊലപാതകിയെ കുടുക്കാനിടയാക്കിയത്. വെള്ളിയാഴ്ച രാവിലെ പരാതി ലഭിച്ചയുടൻ അയർക്കുന്നം എസ്ഐ അനൂപ് ജോസ് കേസ് രജിസ്റ്റർ ചെയ്തു.
പെണ്‍കുട്ടിക്ക് മൊബൈൽ ഫോണുണ്ടോ എന്നായിരുന്നു എസ്ഐയുടെ ആദ്യ ചോദ്യം. ഉണ്ടെങ്കിൽ നന്പർ, ആരെയൊക്കെ വിളിച്ചു, കാണാതാവുന്ന സമയത്ത് പെണ്‍കുട്ടിയുടെ ഫോണിലേക്ക വന്ന കോളുകൾ, ഇതൊക്കെ വളരെ പെട്ടെന്ന് അന്വേഷിച്ചു. ഒരാഴ്ചത്തെ കോളുകൾ പരിശോധിച്ച് സ്ഥിരമായി വിളിക്കുന്ന നാലുപേരുടെ ലിസ്റ്റ് തയാറാക്കി. അതിൽ മൂന്നു പേരെ കണ്ടെത്തി ചോദ്യം ചെയ്തു.
പ്രതി അജേഷിനെ ആ സമയത്ത് കണ്ടെത്താനായില്ല. അയാൾ ഓട്ടം പോയിരിക്കുകയായിരുന്നു. ഓട്ടം പോയ സ്ഥലത്തെത്തി അജേഷിനെ പൊക്കി സ്റ്റേഷനിൽ കൊണ്ടുവന്നു. നാലുപേരെയും മാറ്റി നിർത്തി ചോദ്യം ചെയ്തപ്പോൾ അജേഷിന്റെ മൊഴിയിൽ ചില പൊരുത്തക്കേടുകൾ തോന്നി.
മൊഴി മാറ്റി പറയുന്നതും കൂടുതൽ സംശയത്തിനിടയാക്കി. അയാളെ മാത്രം നിർത്തി ബാക്കി മൂന്നു പേരെ പറഞ്ഞയച്ചു. ശനിയാഴ്ച രാവിലെയും ചോദ്യം ചെയ്യൽ തുടർന്നു. പെണ്‍കുട്ടിയെ ഫോണിൽ വിളച്ചെന്നും മറ്റൊന്നും അറിയില്ലെന്നുമായിരുന്നു നിരന്തരം ചോദ്യം ചെയ്തിട്ടും അജേഷ് മൊഴി നല്‍കിയത്.
മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ പോലീസിന് ഒരു കാര്യം വ്യക്തമായി. പെണ്‍കുട്ടി അജേഷിന്റെ കസ്റ്റഡിയിലുണ്ട്. അയാൾ എവിടെയോ ഒളിപ്പിച്ചു എന്നായിരുന്നു സംശയം. അതറിയാനായിരുന്നു പിന്നീടുള്ള ചോദ്യം ചെയ്യൽ. ഒടുവിൽ എസ് ഐ അനൂപ് ജോസിന്റെ ചോദ്യങ്ങൾക്കു മുന്നിൽ പ്രതിയൊന്നു പതറി. അതോടെ സത്യം തുറന്നു പറഞ്ഞു.
ചോദ്യം ചെയ്യലിനു ശേഷം അയാളെ വിട്ടയച്ചിരുന്നുവെങ്കിൽ മൃതദേഹം മാന്തിയെടുത്ത് വല്ല ആറ്റിലും തള്ളി പ്രതി ഒളിവിൽ പോയിരുന്നുവെങ്കിൽ പോലീസ് വെള്ളം കുടിച്ചേനേ. ആദ്യ ഘട്ടം ചോദ്യം ചെയ്യലിൽ അജേഷിനെ സംശയിച്ചതേയില്ല. മറ്റു മൂന്നു പേരെ പറഞ്ഞുവിട്ട സമയത്ത് അജേഷിനെയും പറഞ്ഞു വിടാനായിരുന്നു ആദ്യ ആലോചന. എന്നാൽ എസ്ഐ അനൂപ് ജോസിനു തോന്നിയ ചില സംശയങ്ങൾ കൂടി തീർത്ത ശേഷം വിടാമെന്നു കരുതിയാണ് പിറ്റേന്നുവരെ കസ്റ്റഡിയിൽ വച്ചത്.
അനൂപ് ജോസ് മണർകാട് എസ്ഐ ആയിരുന്നപ്പോൾ പ്രതി അജേഷിനെ ഭാര്യയുടെ പരാതിയിൽ രണ്ടു തവണ പിടികൂടിയിട്ടുണ്ട്. പെണ്‍വിഷയത്തിൽ ഇയാൾക്ക് ബന്ധമുണ്ടെന്ന് അറിയാവുന്ന എസ്ഐ ആ വഴിക്കു ചിന്തിച്ചില്ലായിരുന്നുവെങ്കിൽ ഈ കേസും തെളിയിക്കപ്പെടാത്ത കേസ് ഫയലിലേക്ക് മാറുമായിരുന്നു. എസ്ഐ ഇക്കാര്യം ഈസ്റ്റ് സിഐ ടി.ആർ.ജിജുവുമായി പങ്കുവച്ചു.
ഇരുവരും ചേർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതിക്ക് പിടിച്ചുനിൽക്കാനായില്ല. അങ്ങനെയാണ് സത്യം പുറത്തുവന്നത്. കെവിൻ കേസിൽ സംഭവിച്ചത് അതാണല്ലോ. കെവിനെ പിടികൂടാനായി മാന്നാനം ഭാഗത്ത് രാത്രിയിൽ കാത്തുകിടന്നവരെ പോലീസ് സംശയിച്ച് പിടികൂടിയെങ്കിലും അവരെ സ്റ്റേഷനിലേക്ക് കൊണ്ടുവരാതെ പറഞ്ഞുവിടുകയായിരുന്നു.
രാത്രിയിൽ സംശയകരമായി കണ്ടവരെ കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിൽ എത്തിച്ചിരുന്നുവെങ്കിൽ അവർ കെവിനെ തട്ടിക്കൊണ്ടു പോകുമായിരുന്നില്ല. കൊലയും നടക്കില്ല. അന്ന് പോലീസിന് പറ്റിയ കൈപ്പിഴയാണ് ഒരു ജീവൻ പൊലിയാനിടയാക്കിയത്.