കണ്ണൂർ: ലീഗ് നേതാവിനെ ജാമ്യമില്ലാത്ത വകുപ്പുകൾ ചേർത്ത് അറസ്റ്റ് ചെയ്ത സംഭവത്തിൽ ചക്കരക്കൽ എസ്ഐ പി. ബിജുവിനെതിരേ തലശേരി ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി കേസെടുത്തു. മുസ് ലിം ലീഗ് മുഴുപ്പിലങ്ങാട് പഞ്ചായത്ത് ജനറൽ സെക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗവുമായ ചേരിക്കല്ലിൽ മായിൻ അലിയെ 2016ലെ ചക്കരക്കൽ പോലീസ് രജിസ്റ്റർ ചെയ്ത ഒരു കേസിൽ ജാമ്യമില്ലാത്ത വകുപ്പുകൾ ചേർത്ത് അറസ്റ്റ് ചെയ്തിരുന്നു.
വാട്ടർ അഥോറിറ്റിയിൽ വാട്ടർ കണക്ഷൻ ലഭിക്കുന്നതുമായി കണ്ണൂരിലെ റുഖ്സാന റാഫി കൊടുത്ത പരാതിയിലാണ് കേസെടുത്തത്. ചക്കരക്കൽ പോലീസ് മായിൻ അലി ഒന്നാം പ്രതിയും അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി രണ്ടാം പ്രതിയും വാട്ടർ അഥോറിറ്റി അസിസ്റ്റൻഡ് എൻജിനിയർ മൂന്നാം പ്രതിയുമായി 2016ൽ ഒരു കേസ് രജിസ്റ്റർ ചെയ്തത്.
ഈ കേസിൽ ഇതുവരെയും ഒന്നാം പ്രതിയാണെന്ന് പറയുന്ന മായിൻഅലിയെ പോലീസ് കേസിൽ പ്രതിയെന്ന നിലയിൽ വിളിപ്പിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യാതെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനെതിരേ തലശേരി കോടതയിൽ മായിൻ അലി നല്കിയ പരാതിയിലാണ് കേസെടുത്ത്.