കോട്ടയം: കള്ളനോട്ട് കേസിന്റെ തെളിവെടുപ്പിനിടയിൽ പോലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞ പ്രതി 14 വർഷത്തോളം ഒളിവിൽ താമസിച്ചതു വിവിധ സംസ്ഥാനങ്ങളിൽ.
ആർപ്പൂക്കര സ്വദേശി മിഥുനെയാണു ഇന്നലെ ഡൽഹിയിൽ നിന്നും സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് കോട്ടയം ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.
2008 ഒക്ടോബർ 24നാണ് 500 രൂപയുടെ നാലു കള്ളനോട്ടുകളുമായി നാട്ടകം കോളജിൽ വിദ്യാർഥിയായിരുന്ന മിഥുൻ പിടിയിലാകുന്നത്.
ഈ കേസിൽ അറസ്റ്റ് ചെയ്തശേഷം പ്രതിയെയുമായി ഗാന്ധിനഗർ പോലീസ് സംഘം ഗാന്ധിനഗറിലെ പെട്രോൾ പന്പിനുസമീപം തെളിവെടുപ്പിന് എത്തി.
ഈ സമയം ഇവിടെനിന്നും പ്രതി പോലീസിന്റെ കസ്റ്റഡിയിൽനിന്നും കൈവിലങ്ങുമായി ചാടി രക്ഷപ്പെടുകയായിരുന്നു.
ഒളിവിൽ പോയ മിഥുൻ തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ ചെറിയ ജോലികൾ ചെയ്താണ് ഒടുവിൽ ഡൽഹിയിൽ എത്തിയത്.
ഒരു സ്ഥലത്തും ഇയാൾ അധികകാലം തങ്ങിയിരുന്നില്ല. നാളുകൾ കഴിഞ്ഞതോടെ കേസ് ക്രൈംബ്രാഞ്ചിനു കൈമാറുകയും, ക്രൈബ്രാഞ്ച് കേസ് അന്വേഷിച്ചു വരികയുമായിരുന്നു.
ഇതിനിടെയാണ് പ്രതിയായ മിഥുൻ ഡൽഹിയിലുണ്ടെന്ന വിവരം ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചത്.
തുടർന്നു ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘം ഡൽഹിയിലെ മയൂർ വിഹാറിലെത്തി ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു.
എഎസ്ഐമാരായ ജി.ഡി. അനു, എം.ബി. അനുമോൻ, സീനിയർ സിവിൽ പോലീസ് ഓഫിസർ എസ്. ബിനു എന്നിവർ ചേർന്നാണു പ്രതിയെ അറസ്റ്റു ചെയ്തത്. ഇന്നു പ്രതിയെയുമായി പോലീസ് സംഘം കോട്ടയത്ത് എത്തും.