പാപ്പുവിന്റെ സ്വത്തിനായി അവകാശ തര്‍ക്കം മുറുകുന്നു; അച്ഛന്റെ സ്വത്തുക്കള്‍ തനിക്ക് അവകാശപ്പെട്ടതെന്ന് ജിഷയുടെ സഹോദരി; ദീപയ്ക്കു സ്വത്തു നല്‍കരുതെന്ന് നാട്ടുകാരും ബന്ധുക്കളും

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ദാരുണമായി കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പുവിന്റെ സ്വത്തിനായി തര്‍ക്കം മുറുകുന്നു. രോഗബാധിതനായി മൂന്നു മാസത്തോളമായി അവശനിലയിലായിരുന്ന പാപ്പുവിനെ കഴിഞ്ഞ വ്യാഴാഴ്ചയാണു വീടിനു സമീപത്തെ റോഡരികില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബാങ്ക് അക്കൗണ്ടില്‍ 4,52,000 രൂപയും താമസിച്ചിരുന്ന മൂന്നു സെന്റ് സ്ഥലവും പൊളിഞ്ഞുവീഴാറായ വീടുമാണ് പാപ്പുവിന്റെ പേരിലുള്ളത്. പാപ്പുവിന്റെ ബാങ്ക് അക്കൗണ്ട് നോമിനി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സരോജിനിയമ്മയാണെന്ന് അറിഞ്ഞതോടെയാണ് സ്വത്ത് സംബന്ധിച്ച തര്‍ക്കം ബന്ധുക്കള്‍ക്കിടയില്‍ ഉടലെടുത്തത്.

ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം പ്രകാരം അച്ഛന്റെ സ്വത്തുക്കള്‍ക്ക് താനാണ് അവകാശി എന്ന് മൂത്തമകള്‍ ദീപ പറയുന്നു. എന്നാല്‍, അവശനിലയില്‍ നാളുകളായി ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന പാപ്പുവിനെ കാണാനോ ചികിത്സ നല്‍കാനോ ഇവര്‍ തയാറായില്ലെന്നു മറ്റു ബന്ധുക്കളും നാട്ടുകാരും ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ത്തന്നെ മകള്‍ ദീപയ്ക്കും ഭാര്യ രാജേശ്വരിക്കും പാപ്പുവിന്റെ സ്വത്തുക്കളില്‍ ഒരവകാശവും ഇല്ലെന്നാണ് ഇവരുടെ വാദം.

പാപ്പു മരിക്കുംവരെ ബാങ്ക് അക്കൗണ്ടിലുള്ള ലക്ഷങ്ങളെക്കുറിച്ച് ആര്‍ക്കും അറിവുണ്ടായിരുന്നില്ല. പാപ്പുവിന്റെ മരണത്തെത്തുടര്‍ന്ന് പോലീസ് ഇന്‍ക്വസ്റ്റ് തയാറാക്കുന്നതിനിടയില്‍ എസ്ബിഐ ഓടക്കാലി ശാഖയുടെ പാസ്ബുക്ക് ലഭിച്ചിരുന്നു. ഇതോടെയാണു പാപ്പുവിന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന പണത്തെക്കുറിച്ച് പുറംലോകം അറിയുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍, അംബേദ്കര്‍ ഫൗണ്ടേഷന്‍ കഴിഞ്ഞ മാര്‍ച്ചില്‍ പാപ്പുവിന് അഞ്ചു ലക്ഷം രൂപ ധനസഹായം നല്‍കിയതായി കണ്ടെത്തി. ഇതില്‍നിന്നു പല തവണ പാപ്പു പണം പിന്‍വലിച്ചിട്ടുണ്ട്. അക്കൗണ്ട് തുടങ്ങാന്‍ പണം ഇല്ലാതിരുന്ന പാപ്പുവിനെ പണം നല്‍കി സഹായിച്ചത് അയല്‍ക്കാരികൂടിയായ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സരോജിനിയമ്മയാണ്. എന്നാല്‍, ധനസഹായം ലഭിച്ച വിവരമോ തന്നെ നോമിനിയാക്കിയ വിവരമോ പാപ്പു പറഞ്ഞിരുന്നില്ലെന്നും അധികാരപ്പെട്ടവര്‍ തീരുമാനിക്കുന്നതുപ്രകാരം പണം എടുത്ത് നല്‍കാന്‍ തയാറാണെന്നും സരോജിനിയമ്മ പറഞ്ഞു.

 

Related posts