ചവറ :നീണ്ടകരയിൽ തമിഴ്നാട് സ്വദേശിയായ നിർമാണ തൊഴിലാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.മധുര ഇല്യാസ് നഗർ സ്വദേശി മഹാലിംഗം (54) ആണ് മരിച്ചത്.
സംഭവവുമായിബന്ധപ്പെട്ട് കോട്ടയം കറുകച്ചാൽ സ്വദേശി ബിജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായിചോദ്യം ചെയ്തുവരികയാണ്.
ഇന്ന് പുലർച്ചെയാണ് സംഭവം. മൊബൈൽഫോണിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിനിടയാക്കിയതെന്ന് ചവറ പോലീസ് പറഞ്ഞു. ബിജു കന്പിപ്പാര കൊണ്ട് മഹാലിംഗത്തെ അടിച്ചുകൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
പുത്തൻതുറയിലുള്ള ഒരു ക്ഷേത്രത്തിന്റെ പുനർനിർമാണ പ്രവർത്തന ജോലിക്കെത്തിയതായിരുന്നു മഹാലിംഗം. നാലുതൊഴിലാളികളിൽ മൂന്നുവരും അതിഥി തൊഴിലാളികളാണ്.
ക്ഷേത്രത്തിന് സമീപം ടാർപ്പ കെട്ടിയായിരുന്നു തൊഴിലാളികൾ താമസിച്ചിരുന്നത്. മൃതദേഹം ചവറ പോലീസ് ജില്ലാആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഫോറൻസിക് വിദഗ്ധർ ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്.