കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് അര്ജ്ജുന് ആയങ്കിയ്ക്ക് അകമ്പടിയായി എത്തിയ ഇന്നോവകാറിനെ കുറിച്ച് കസ്റ്റംസ് അന്വേഷിക്കുന്നു.
കരിപ്പൂരില്‍ നിന്ന് സ്വര്‍ണം കൊണ്ടുപോവുന്നതിനായാണ് അര്ജ്ജുന് നാലു വാഹനങ്ങളുമായി എത്തിയത്. രണ്ട് സ്വിഫ്റ്റ് കാറുകളും ഒരു ഐ20 കാറും ഇന്നോവകാറുമായിരുന്നുള്ളത്.
ഇതില്‍ ഇന്നോവ കാറിനെ കുറിച്ചുള്ള വിവരങ്ങള്‍ മാത്രമാണ് കസ്റ്റംസിന് ഇതുവരേയും കണ്ടെത്താന്‍ സാധിക്കാത്തത്.
അതേസമയം അര്ജ്ജുന് ഉപയോഗിച്ച സ്വിഫ്റ്റും അതിന് പുറമേ സുഹൃത്ത് തിമിരി സ്വദേശി ഉപയോഗിച്ച സ്വിഫ്റ്റും കണ്ടെത്തിയിരുന്നു.
ഐ20 കാറിനെ കുറിച്ചുള്ള വിവരവും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. പോലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നും കോള്‍ ഡീറ്റൈയില്‍ റെക്കോര്‍ഡില്‍ നിന്നുമാണ് നാല് വാഹനങ്ങളിലായി കണ്ണൂരില്‍ നിന്നുള്ള സംഘം കരിപ്പൂര്‍ വിമാനതാവളത്തില്‍ എത്തിയതായി കസ്റ്റംസിന് വിവരം ലഭിച്ചത്.
അര്‍ജ്ജുനെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വിട്ടികിട്ടാന്‍ കസ്റ്റംസ് കോടതിയെ സമീപിക്കുമെന്നാണ് വിവരം.
അതേസമയം സ്വര്‍ണക്കവര്‍ച്ചാശ്രമ കേസുമായി ബന്ധപ്പെട്ട് കൊണ്ടോട്ടി ഡിവൈഎസ്പി അന്വേഷിക്കുന്ന കേസിലെ പ്രതി വാവാട് സ്വദേശി സൂഫിയാനെയും കസ്റ്റംസ് ചോദ്യം ചെയ്യും.
സ്വര്‍ണക്കടത്തിന് പിന്നിലെ കണ്ണൂര്‍ ബന്ധത്തെ കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയായശേഷമാണ് സൂഫിയാനെ ചോദ്യം ചെയ്യുന്നത്.
സൂഫിയാന് സ്വര്‍ണക്കള്ളക്കടത്തുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. പോലീസിനും ഇത് സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചിരുന്നു.