ഉത്തർപ്രദേശിലെ ഹാമിർപുരിൽ വനംവകുപ്പ് ജീവനക്കാരൻ കൂറ്റൻ മുതലയെ ചുമലിലേറ്റി കൊണ്ടുപോകുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ആക്രമണകാരിയായ മുതലയെ അരിച്ചാക്ക് എന്നപോലെയാണ് ഇയാൾ തോളിലേറ്റിയത്. ഹാമിർപുരിലെ ജനവാസമേഖലയിൽ ഇറങ്ങിയതായിരുന്നു മുതല.
ദിവസങ്ങളോളം പരിശ്രമിച്ചശേഷമാണു മുതലയെ വനംവകുപ്പുകാർ കുടുക്കിയത്. മുതലയെ പിടികൂടിയ ഇടംവരെ വാഹനമെത്താതെ വന്നപ്പോൾ ജീവനക്കാരിൽ ഒരാൾ മുതലയെ ചുമന്നെത്തിക്കാൻ തയാറാകുകയായിരുന്നു.
തുണിയും കയറും ഉപയോഗിച്ച് വായും കൈകാലുകളും ബന്ധിച്ചശേഷമാണു മുതലയെ തോളിലെടുത്തത്. മുതലയുമായി ഇയാൾ നീങ്ങിയപ്പോൾ നാട്ടുകാർ ആഹ്ലാദാരവങ്ങളോടെ അകന്പടി സേവിച്ചു. മുതലയെ പിന്നീട് മറ്റൊരിടത്തു കൊണ്ടുപോയി തുറന്നുവിട്ടു.
മഴക്കാലത്ത് മുതലകൾ ജനവാസമേഖലയിലേക്ക് എത്തുന്നതു ഹാമിർപുരിൽ സാധാരണമാണെന്നു നാട്ടുകാർ പറഞ്ഞു. ഈവർഷം വെള്ളപ്പൊക്കമുണ്ടായപ്പോൾ 72 മണിക്കൂറിനിടെ 24 മുതലകളെയാണു ഗുജറാത്തിലെ വഡോദരയിൽനിന്നു പിടികൂടിയത്.