തൃശൂർ: ബെൻസ് കാർ വാങ്ങണമെന്നു സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടും ഇതുവരെ നടപടിയാകാത്തതിനെ തുടർന്ന് പഴയ ബെൻസ് കാർ ഉപേക്ഷിച്ച് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ തൃശൂരിലെ പരിപാടികളിൽ എത്തിയത് ഇന്നോവ ക്രിസ്റ്റയിൽ.
താൻ ഉപയോഗിച്ചു കൊണ്ടിരുന്ന ബെൻസ് കാർ ഒന്നര ലക്ഷം കിലോമീറ്റർ ഓടിയതിനെ തുടർന്ന് പുതിയ കാർ വാങ്ങണമെന്ന് ആവശ്യപ്പെട്ട് ഗവർണറുടെ ഓഫീസ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടതു വിവാദമായിരുന്നു.
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ പെൻഷനുമായി ബന്ധപ്പെട്ട് ഗവർണർ ഉന്നയിച്ച വിഷയം സർക്കാരിനെ ചൊടിപ്പിച്ചതിനു പിന്നാലെയാണ് 85 ലക്ഷം രൂപ വില വരുന്ന പുതിയ ബെൻസ് കാർ വാങ്ങണമെന്നാവശ്യപ്പെട്ട് സർക്കാരിനു കത്തു നല്കിയത്.
ഇതു വിവാദമായതോടെ താൻ ഇങ്ങനെ കാർ ആവശ്യപ്പെട്ടത് അറിഞ്ഞില്ലെന്നും ഓഫീസാണ് ഈ നിർദേശം വച്ചതെന്നുമായിരുന്നു ഗവർണറുടെ വിശദീകരണം.
സാധാരണ വിവിഐപികളുടെ കാറുകൾ ഒന്നര ലക്ഷം കിലോമീറ്ററുകൾ പൂർത്തിയാക്കി കഴിഞ്ഞാൽ മാറ്റുന്നതു സാധാരണമാണത്രേ. ആ പ്രക്രിയ മാത്രമാണു ചെയ്തതെന്നാണു വിശദീകരണം.
പക്ഷ, സർക്കാരും ഗവർണറും തമ്മിൽ അത്ര രസത്തിലല്ലാത്തതിനാൽ തത്കാലം ഗവർണർ ബെൻസിൽ കറങ്ങണ്ടായെന്നാണു സർക്കാ ർ തീരുമാനം.