തൃശൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാളെ തൃശൂരിൽ. പൗരത്വ ബില്ലുമായി ബന്ധപ്പെട്ട വിവാദ പരാമർശങ്ങളെത്തുടർന്നുണ്ടായ കോലാഹലങ്ങൾ കെട്ടടങ്ങിയിരിക്കേയാണ് ഗവർണറുടെ സന്ദർശനം. ഗവർണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷ പ്രമേയത്തിന് കഴിഞ്ഞ ദിവസം സർക്കാർ അനുമതി നിഷേധിച്ചിരുന്നു.
സേക്രഡ് ഹാർട്ട് കോണ്‍വെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്യാനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തൃശൂരിൽ എത്തുന്നത്. നാളെ ഉച്ചയ്ക്കു 11.30 നാണ് ഗവർണറുടെ പരിപാടി.
വിവാദ പരാമർശങ്ങൾക്കെതിരേ പ്രതിഷേധം ശക്തമായിരുന്ന ദിവസങ്ങളിൽ ഗവർണർ പൊതുപരിപാടികൾ ഒഴിവാക്കിയിരുന്നു. ഇപ്പോൾ പ്രതിഷേധങ്ങളെല്ലാം ഒതുങ്ങിയിട്ടുണ്ടെങ്കിലും യൂത്ത് കോണ്‍ഗ്രസ്, കഐസ്യു പ്രവർത്തകർ പ്രതിഷേധവുമായി വരുമെന്ന ആശങ്ക പോലീസിനുണ്ട്.
അതിനാൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ക്ഷണക്കത്തുമായി രാവിലെ പത്തരയ്ക്കു മുന്‍പുതന്നെ എത്തി ഇരിപ്പിടങ്ങളിൽ ഉപവിഷ്ഠരാകണമെന്ന് പോലീസ് നിർദേശം നൽകിയിട്ടുണ്ട്. സമാപന സമ്മേളനത്തിൽ തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യാതിഥിയാകും.