കോഴിക്കോട്: ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ കൊഴുക്കുന്നതിനിടെ എസ്എഫ്ഐയെ വെല്ലുവിളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നാളെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ എത്തും. ഡല്‍ഹിയില്‍നിന്ന് നാളെ രാത്രി കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന ഗവർണർ മൂന്നു ദിവസം യൂണിവേഴ്സിറ്റി കാമ്പസില്‍ തങ്ങും.
യൂണിവേഴ്സിറ്റിയിലും കോഴിക്കോട് നഗരത്തിലുമായി വിവിധ പരിപാടികളില്‍ അദ്ദേഹം സംബന്ധിക്കും. ഗവര്‍ണറെ യൂണിവേഴ്സിറ്റി കാമ്പസുകളില്‍ കടക്കാന്‍ അനുവദിക്കില്ലെന്ന് എസ്എഫ്ഐ നേരത്തെ വ്യക്തമാക്കിയിരുന്നു.
കോഴിക്കോട്ടെ സര്‍ക്കാര്‍ ഗസ്റ്റ്ഹൗസില്‍ താമസിക്കാനുള്ള തീരുമാനം മാറ്റിയാണ് ഗവര്‍ണര്‍ യൂണിവേഴ്സിറ്റി ഗസ്റ്റ്ഹൗസില്‍ താമസിക്കാനുള്ള തീരുമാനമെടുത്തത്. ഇരുകൂട്ടരും മുഖാമുഖം ഏറ്റുമുട്ടുന്ന ഘട്ടത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
വാഴ്സിറ്റി കാമ്പസില്‍ കനത്ത സുരക്ഷയാണ് ഗവര്‍ണര്‍ക്ക് ഒരുക്കുന്നത്. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഗവര്‍ണറുടെ കാര്‍ തടഞ്ഞ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത് വന്‍ വിവാദമായിരുന്നു.
ഞായറാഴ്ച രാവിലെ എരഞ്ഞിപ്പാലത്തെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ മുസ് ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സയിദ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ മകന് ഡോ. സയിദ് ഷഹീന്റെ വിവാഹ ചടങ്ങില്‍ സംബന്ധിക്കുന്നുണ്ട്.
അന്നു രാത്രി യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൗസില്‍ തന്നെ താമസിക്കും. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് യൂണിവേഴ്സിറ്റിയില്‍ സനാതനധര്‍മ ചെയറും ഭാരതീയ വിചാര കേന്ദ്രവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സെമിനാറില്‍ സംബന്ധിക്കും.