തിരുവന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള പ്രതിഷേധത്തിൽ എസ്എഫ്ഐ പ്രവർത്തകരോട് തണുത്ത നയം സ്വീകരിച്ച് പോലീസ്. പോലീസിന്റെ ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയ കുറ്റമടക്കമുള്ള വകുപ്പുകളാണ് ഗവർണറുടെ വാഹനം തടഞ്ഞ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ചുമത്തിയത്.
എഫ്ഐആറിൽ എസ്എഫ്ഐക്കാർ വാഹനം തടഞ്ഞുവെന്ന് മാത്രമാണ് പരാമർശിച്ചിട്ടുള്ളത്. എന്നാൽ പ്രതിഷേധക്കാർ വാഹനം തടഞ്ഞ് അതിൽ അടിച്ചിരുന്നു. 365 പ്രകാരം ജാമ്യമില്ലാ കുറ്റം 12 എസ്എഫ്ഐക്കാർക്കെതിരെ ചുമത്തിയിട്ടുണ്ട്.
അതേസമയം, മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനെതിരെ പെരുമ്പാവൂരിൽ ഷൂ എറിഞ്ഞതിൽ യൂത്ത് കോൺഗ്രസുകാർക്കെതിരെ വധശ്രമക്കുറ്റമാണ് പോലീസ് ചുമത്തിയത്.
ഗവർണർക്കെതിരായ എസ്എഫ്ഐ പ്രതിഷേധത്തിലും സംഘർഷത്തിലും രാജ്ഭവൻ സർക്കാരിനോട് റിപ്പോർട്ട് തേടിയേക്കും. പ്രതിഷേധക്കാർ കാറിനുമേൽ ചാടി വീണ സംഭവത്തിൽ ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായെന്ന് ഗവർണർ പരസ്യമായി വിമർശിച്ചിരുന്നു. സംഭവത്തിൽ കേന്ദ്രസർക്കാരും റിപ്പോർട്ട് ആവശ്യപ്പെട്ടേക്കും.
എഡിജിപിക്ക് പ്രതിഷേധത്തിന്റെ ദൃശ്യങ്ങളടക്കം ചേർത്ത് സിറ്റി പോലീസ് കമ്മീഷ്ണർ റിപ്പോർട്ട് ഇന്ന് നൽകും. എന്നാൽ ഗവർണർക്കെതിരായ പ്രതിഷേധം തുടരുമെന്നാണ് എസ്എഫ്ഐയുടെ നിലപാട്.