സ്വന്തം ലേഖകന്‍
കോഴിക്കോട്: ഗവര്‍ണര്‍ വിവാദത്തില്‍ എൽഡിഎഫും യുഡിഎഫും ശക്തമായി രംഗത്തെത്തിയിട്ടും ഗവര്‍ണർക്കായി പ്രതിരോധം തീർക്കാനാകാതെ ബിജെപി.
ആര്‍എസ്എസ് ബന്ധം ആരോപിച്ച് സിപിഎം നേതാക്കൾ ഗവര്‍ണറെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. സോഷ്യല്‍ മീഡിയവഴിയും കടുത്ത ആക്രമണമാണ് ഗവര്‍ണര്‍ നേരിടുന്നത്.
അതേസമയം, ബിജെപി പക്ഷത്ത് ഗവര്‍ണര്‍ക്ക് പിന്തുണയുമായി പ്രസ്താവനകളിലൂടെയെങ്കിലും എത്തുന്നത് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്മാത്രമാണ്.
ഏറെ വൈകി കേന്ദ്രസഹമന്ത്രി വി. മുരളീധരനും സര്‍ക്കാരിനെ പിരിച്ചുവിടുമെന്ന ഭീഷണിയുമായി പി.കെ. കൃഷ്ണദാസും ഇന്നലെ രംഗത്തെത്തി.
എന്നാല്‍ പ്രസ്താവനയ്ക്കപ്പുറം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന തരത്തിലുള്ള സമരത്തിനോ മറ്റ് കാര്യങ്ങള്‍ക്കോ ബിജെപി ഇതുവരെ മുന്നിട്ടിറങ്ങിയിട്ടില്ല.
സര്‍വകലാശാല വിഷയമുള്‍പ്പെടെ ഗവര്‍ണര്‍ ഉയര്‍ത്തിയ വിവാദം ജനകീയമാക്കുന്നതിലും നേതൃത്വം പരാജയപ്പെട്ടു.
ഭരണഘടനാപരമായും അല്ലാതെയും സര്‍ക്കാരിനെ ഗവർണർ ഒറ്റയ്ക്ക് പ്രതിസന്ധിയിലാക്കുമ്പോഴും അദ്ദേഹത്തിന് പിന്തുണ നല്കാനാവാതെ പോകുന്നത് നേതൃത്വത്തിലെ ഭിന്നതമൂലമാണെന്ന ആക്ഷേപവുമുയരുന്നു.
പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്കെതിരായ നടപടിയും പടലപിണക്കങ്ങളും വലിയ രീതിയില്‍ പാര്‍ട്ടി സംസ്ഥാന ഘടകത്തെ പിന്നോട്ടടിച്ചിരിക്കുകയാണ്.
ഗവര്‍ണര്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ ഏറ്റുപിടിക്കാന്‍ കഴിയാത്തതില്‍ കേന്ദ്രനേതൃത്വത്തിന് അമര്‍ഷമുണ്ട്. കേന്ദ്ര നേതൃത്വത്തിന് സംസ്ഥാന നേതാക്കളോട് പ്രീതി കുറഞ്ഞു എന്നര്‍ഥം.
അതേസമയം ഗവര്‍ണറെ പിന്തുണച്ച് ദേശീയ നേതാക്കള്‍ രംഗത്തു വന്നുകഴിഞ്ഞു.ഗവര്‍ണറുടെ രോമത്തില്‍ തൊട്ടാല്‍ സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ബിജെപി നേതാവ് സുബ്രമഹ്ണ്യന്‍ സ്വാമി ആവശ്യപ്പെട്ടു.
കേരള ഗവര്‍ണര്‍ ഇന്ത്യയുടെ രാഷ്ട്രപതിയെയും അതുവഴി ഭരണഘടനയിലെ കേന്ദ്രത്തെയും പ്രതിനിധീകരിക്കുന്നുവെന്ന് കേരളത്തിലെ ഭ്രാന്തന് കമ്യൂണിസ്റ്റുകാര്‍ തിരിച്ചറിയണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
തുടര്‍ ദിവസങ്ങളില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള യുദ്ധം മുറുകുമെന്നിരിക്കേ ബിജെപി സംസ്ഥാന ഘടകം എന്ത് നിലപാട് സ്വീകരിക്കുമെന്നകാര്യവും ചര്‍ച്ചയാകുകയാണ്.