തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനു സഞ്ചരിക്കാൻ 85 ലക്ഷം രൂപയുടെ ബെൻസ് കാർ വാങ്ങാൻ സർക്കാർ, രാജ്ഭവന് അനുമതി നൽകി.
കഴിഞ്ഞ ഡിസംബറിൽ സർക്കാർ അനുമതി നൽകി തുക കൈമാറിയതിന്റെ അടിസ്ഥാനത്തിൽ കാർ വാങ്ങാനുള്ള നടപടികൾ രാജ്ഭവൻ പൂർത്തിയാക്കി.
അടുത്ത ദിവസങ്ങളിൽത്തന്നെ ഗവർണർക്കു പുതിയ ബെൻസ് കാറിൽ സഞ്ചരിക്കാം. എം.ഒ.എച്ച്. ഫാറൂഖ് ഗവർണറായിരുന്ന കാലത്തു വാങ്ങിയ പഴയ ബെൻസ് കാറാണ് ഇപ്പോഴും ഗവർണർ ഉപയോഗിക്കുന്നത്.
ഒരു ലക്ഷം കിലോമീറ്റർ ഓടിയാൽ വിവിഐപികൾ സുരക്ഷാ കാരണങ്ങളാൽ വാഹനം മാറ്റണമെന്നാണു ചട്ടം. സാങ്കേതിക വിദഗ്ധർ പരിശോധിച്ച് പുതിയ കാർ വാങ്ങണമെന്നു റിപ്പോർട്ട് നൽകിയിരുന്നു.
ആരിഫ് മുഹമ്മദ്ഖാൻ രണ്ടു വർഷം മുൻപ് ചുമതലയേറ്റപ്പോഴാണു പുതിയ കാറിനു വേണ്ടി സർക്കാരിലേക്ക് എഴുതിയത്.
ഗവർണറുടെ ബെൻസ് കാർ ഇതിനകം 1.5 ലക്ഷം കിലോമീറ്റർ ഓടി. ദൂരയാത്രയ്ക്കു വിശ്വസിക്കാൻ സാധിക്കാത്തതിനാൽ ബെൻസിനു പകരം ഇന്നോവയിലാണ് ഇപ്പോൾ ഗവർണറുടെ യാത്ര.
അതിനിടെ, ഡൽഹിയിൽനിന്ന് ഇന്നലെ രാത്രിയോടെ മടങ്ങിയെത്തിയ ആരിഫ് മുഹമ്മദ് ഖാൻ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട ഫയൽ പരിശോധിക്കുമെന്നാണു കരുതുന്നത്.